കശ്മീരില്‍ വീരമൃത്യു വരിച്ച ധീരസൈനികന് നാടിന്റെ അന്ത്യാഞ്ജലി; സുബേദാര്‍ എം.ശ്രീജിത്തിന്റെ മൃതദേഹം സംസ്‌കരിച്ചു


കൊയിലാണ്ടി: കാശ്മീരിൽ വീരമൃത്യു വരിച്ച മലയാളി ജവാൻ നായിബ് സുബേദാർ എം ശ്രീജിത്തിന്റെ മൃതദേഹം സംസ്ക്കരിച്ചു. കൊയിലാണ്ടി പൂക്കാട് പടിഞ്ഞാറേതറയിലെ കുടുംബ വീട്ടിലായിരുന്നു സംസ്കാരം. രാവിലെ ഏഴ് മണിയോടെയാണ് സംസ്കാര ചടങ്ങുകൾ ആരംഭിച്ചു. സൈനിക ബഹുമതികളോടെയായിരുന്നു സംസ്കാരം. സംസ്ഥാന സർക്കാരിന് വേണ്ടി വനംമന്ത്രി എ.കെ.ശശീന്ദ്രൻ, ജില്ലാ കളക്ടർ സാംബശിവ റാവു എന്നിവർ ആദരാജ്ഞലി അർപ്പിച്ചു. ശ്രീജിത്തിൻ്റെ മകൻ അതുൽ പിതാവിൻ്റെ ചിതയ്ക്ക് തീ കൊളുത്തി.

ശ്രീജിത്തിൻ്റെ കുടുംബവീട് സ്ഥിതി ചെയ്യുന്ന സ്ഥലം കാറ്റഗറി സി വിഭാഗത്തിൽപ്പെട്ട സ്ഥലമായതിനാൽ കൊവിഡ് പ്രോട്ടോക്കോള്‍ പ്രകാരം പൊതുദര്‍ശനം വേണ്ടെന്ന് വച്ചിരുന്നു. എന്നാൽ കൊവിഡ് സാഹചര്യത്തിലും നൂറുകണക്കിന് പേരാണ് ശ്രീജിത്തിനെ അവസാനമായി ഒരു നോക്ക് കാണാൻ കുടുംബവീട്ടിലേക്ക് എത്തിയത്.

ഇന്നലെ രാത്രി സുലൂർ എയർ ഫോഴ്സ് സ്റ്റേഷനിൽ എത്തിച്ച മൃതദേഹം കോയമ്പത്തൂർ മിലിട്ടറി സ്റ്റേഷൻ കമാണ്ടറും വ്യോമസേനാ ഉദ്യോഗസ്ഥരും ചേർന്നാണ് ഏറ്റുവാങ്ങിയത്. കോയമ്പത്തൂരിൽ നിന്ന് റോഡ് മാർഗമാണ് മൃതദേഹം രാത്രിയോടെ കൊയിലാണ്ടിയിലെ വീട്ടിലെത്തിച്ചത്