കഴിഞ്ഞ വര്‍ഷം തുമ്പുണ്ടാക്കിയത് 122 കേസുകള്‍ക്ക്; കോഴിക്കോട് ഫിംഗര്‍പ്രിന്റ് ബ്യൂറോയ്ക്ക് പൊലീസ് മേധാവിയുടെ കമന്‍ഡേഷന്‍ സര്‍ട്ടിഫിക്കറ്റ്
കോഴിക്കോട്: അഭിമാനകരമായ നേട്ടവുമായി കോഴിക്കോട് ഫിംഗര്‍പ്രിന്റ് ബ്യൂറോ. കഴിഞ്ഞ വര്‍ഷം 122 കേസുകള്‍ക്കാണ് കോഴിക്കോട് ഫിംഗര്‍പ്രിന്റ് ബ്യൂറോ തുമ്പുണ്ടാക്കിയത്. ഈ നേട്ടത്തിന് സംസ്ഥാന പൊലീസ് മേധാവിയുടെ കമന്‍ഡേഷന്‍ സര്‍ട്ടിഫിക്കറ്റ് കോഴിക്കോട് ഫിംഗര്‍പ്രിന്റ് ബ്യൂറോയ്ക്ക് ലഭിച്ചു.
മറ്റ് ഫിംഗര്‍പ്രിന്റ് ബ്യൂറോകള്‍ക്ക് പരമാവധി 70 കേസുകള്‍ വരെ മാത്രമാണ് തെളിയിക്കാന്‍ കഴിഞ്ഞത്. ദേശീയതലത്തില്‍ വിരലടയാള പരിശോധന വഴി കേസുകള്‍ തെളിയിക്കുന്നതിനുള്ള അംഗീകാരം കേരളത്തിനാണ്. കഴിഞ്ഞ വര്‍ഷം 657 കേസുകളാണ് ഫിംഗര്‍പ്രിന്റ് പരിശോധന വഴി സംസ്ഥാനത്ത് തെളിയിക്കപ്പെട്ടത്.
ടെസ്റ്റര്‍ ഇന്‍സ്‌പെക്ടര്‍ വി.പി. കരീം, ഫിംഗര്‍ പ്രിന്റ് എക്‌സ്പേര്‍ട്ട് എ.വി. ശ്രീജയ, ഫിംഗര്‍ പ്രിന്റ് സര്‍ച്ചര്‍ പി. ശ്രീരാജ് എന്നിവരടങ്ങിയ ടീമാണ് കോഴിക്കോട് സിറ്റി ഫിംഗര്‍ പ്രിന്റ് ബ്യൂറോയെ നയിക്കുന്നത്. മികച്ച സേവനം മുന്‍നിര്‍ത്തി സ്റ്റേറ്റ് ക്രൈം റിക്കാര്‍ഡ്സ് ബ്യൂറോയുടെയും ജില്ലാ പോലീസ് മേധാവിയുടെയും പുരസ്‌കാരങ്ങള്‍ക്ക് ഇവര്‍ അര്‍ഹരായിട്ടുണ്ട്. കേസുകള്‍ തെളിയിക്കുന്നതിന് പുറമെ ചില വിദേശ രാജ്യങ്ങളിലേക്കുള്ള യാത്രയ്ക്ക് വിരലടയാളം സാക്ഷ്യപ്പെടുത്തുന്നതിനുള്ള ചുമതലയും ഫിംഗര്‍ പ്രിന്റ് ബ്യൂറോകള്‍ക്കുണ്ട്.
പേരാമ്പ്ര ന്യൂസ് ഡോട് കോമിന്റെ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാനായി ഇവിടെ ക്ലിക്ക് ചെയ്യുക.
2019 ല്‍ സ്ഥാപിച്ച ഓട്ടോമാറ്റഡ് ഫിംഗര്‍ പ്രിന്റ് ഐഡന്റിഫിക്കേഷന്‍ സിസ്റ്റം (എഫിസ്) വിരലടയാള പരിശോധനയില്‍ നിര്‍ണായകമാണ്. ശേഖരിച്ച്വെച്ചിട്ടുള്ള വിരലടയാളങ്ങളുമായി സ്ഥലത്തുനിന്ന് ലഭിച്ച വിരല്‍മുദ്രകള്‍ ഒത്തുനോക്കും. ഇതില്‍നിന്ന് പ്രതികളുടേതുമായി സാമ്യമുള്ള വിരലടയാളങ്ങള്‍ ശേഖരിച്ച് അതിസൂക്ഷ്മമായും ശാസ്ത്രീയവുമായി വിശകലനം ചെയ്താണ് നിമിഷ നേരംകൊണ്ട് പ്രതിയാരെന്ന് തിരിച്ചറിയാനാകുന്നതെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു.
1978 ലാണ് കോഴിക്കോട്ട് ഫിംഗര്‍ പ്രിന്റ് ബ്യൂറോ സ്ഥാപിക്കുന്നത്. വയനാട്, മലപ്പുറം, കോഴിക്കോട് റൂറല്‍ ജില്ലകള്‍ ഇതിന് കീഴിലായിരുന്നു. വടകര അടക്കമുള്ള എല്ലാ പോലീസ് ജില്ലകളിലും ഇന്ന് പ്രത്യേകം ബ്യൂറോകളുണ്ട്. ലോകത്തെ ആദ്യ ഫിംഗര്‍ പ്രിന്റ് ബ്യൂറോ 1897ല്‍ കൊല്‍ക്കത്തയിലാണ് സ്ഥാപിച്ചത്. രണ്ടാമത്തേത് തിരുവനന്തപുരത്തും. 1900 ല്‍ ശ്രീമൂലം തിരുനാള്‍ മഹാരാജാവിന്റെ ഭരണകാലത്ത് സ്ഥാപിച്ച തിരുവിതാംകൂര്‍ ഫിംഗര്‍ പ്രിന്റ് ബ്യൂറോയാണ് പിന്നീട് കേരള സംസ്ഥാന ഫിംഗര്‍ പ്രിന്റ് ബ്യൂറോയായത്.