കള്ളിൽ കഞ്ചാവിന്റെ അംശം; 44 ഷാപ്പുകളുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു
കോഴിക്കോട്: കള്ളിൽ കഞ്ചാവിന്റെ സാന്നിധ്യം കണ്ടെത്തിയ സംഭവത്തിൽ നടപടിയുമായി സംസ്ഥാന എക്‌സൈസ് കമ്മിഷണർ. തൊടുപുഴ റേഞ്ചിന് കീഴിലുള്ള 44 ഷാപ്പുകളുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു. ജില്ലാ എക്സൈസ് മേധാവി നൽകിയ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് നടപടി.
കള്ളിന് വീര്യം കൂട്ടുന്നതിനായി കഞ്ചാവ് ചേർത്ത് വില്‍പ്പന നടത്തിയ ഇടുക്കിയിലെ 25 കള്ള് ഷാപ്പുകൾക്കെതിരെ നേരത്തെ എക്സൈസ് കേസെടുത്തിരുന്നു. ലൈസൻസിമാർക്കും മാനേജർമാർക്കുമെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസ് എടുത്തിരുന്നത്. ഷാപ്പുകളുടെ ലൈസൻസ് റദ്ദ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് അന്നു തന്നെ എക്സൈസ് കമ്മീഷണർക്ക് ഡെപ്യൂട്ടി കമ്മീഷണർ റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ഈ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ നടപടി ഉണ്ടായിരിക്കുന്നത്.
സ്‌പെഷ്യല്‍ ഡ്രൈവിന്‍റെ ഭാഗമായി കഴിഞ്ഞ ഒക്‌ടോബര്‍, നവംബര്‍ മാസങ്ങളിലാണ് എക്സൈസ് ഇടുക്കി ജില്ലയിലെ കള്ളുഷാപ്പുകളിൽ നിന്ന് കള്ളിന്‍റെ സാമ്പിൾ ശേഖരിച്ചത്. ഇതിൽ തൊടുപുഴ റേഞ്ചിലെ കുറേയധികം ഷാപ്പുകളില്‍ നിന്ന് ശേഖരിച്ച തെങ്ങിന്‍ കള്ളിൽ കാനാബിനോയിഡ് എന്ന രാസപദാർഥം അടങ്ങിയിരിക്കുന്നതായി കണ്ടെത്തി. കാക്കനാട് സര്‍ക്കാരിന്റെ കെമിക്കല്‍ ലാബില്‍ നടത്തിയ പരിശോധനയുടെ ഫലം കഴിഞ്ഞ ദിവസമാണ് എക്‌സൈസിന് ലഭിച്ചത്. പരിശോധനാ ഫലം പ്രകാരം ജില്ലയിൽ 34 കേസുകളാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. 67 പേർക്കെതിരെ നടപടി ഉണ്ടാകുമെന്നും എക്സൈസ് വൃത്തങ്ങള്‍ വ്യക്തമാക്കിയിരുന്നു.