കളളപ്പണം വെളുപ്പിക്കല്‍ ബിനീഷ് നാലാം പ്രതി; ഇഡി കുറ്റപത്രം സമര്‍പ്പിച്ചു


ബംഗ്ലൂരു: കളളപ്പണം വെളുപ്പിക്കല്‍ കേസില്‍ ബിനീഷ് കോടിയേരിക്കെതിരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്‌റേറ്റ് കുറ്റപത്രം സമര്‍പ്പിച്ചു. ബിനീഷിന് സ്വാഭാവിക ജാമ്യം ലഭിക്കുന്നത് തടയാനാണ് അറസ്റ്റിലായി 60 ദിവസത്തിനകം പ്രാഥമിക കുറ്റപത്രം നല്‍കിയത്. നാലാംപ്രതിയാക്കിയാണ് ഇ.ഡിയുടെ കുറ്റപത്രം. സിറ്റി സെഷന്‍സ് കോടതിയിലാണ് അന്വേഷണ ഉദ്യോഗസ്ഥനായ രാഹുല്‍ സിന്‍ഹ കുറ്റപത്രം സമര്‍പ്പിച്ചത്.

ബംഗ്ലൂരു മയക്കുമരുന്ന് കേസില്‍ എന്‍.സി.ബി അറസ്റ്റ് ചെയ്ത മലയാളിയായ അനൂപ് കേസില്‍ ഒന്നാം പ്രതിയും കന്നട സീരിയല്‍ നടി അനിബ രണ്ടാം പ്രതിയും മലയാളി രാജേഷ് രവീന്ദ്രന്‍ മൂന്നാം പ്രതിയുമാണ്. ഒകടോബര്‍ 29 നാണ് ബിനീഷ് കോടിയേരിയെ ഇ.ഡി അറസ്റ്റ് ചെയ്തത്. നിലവില്‍ പരപ്പന അഗ്രഹാര ജയിലില്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്. രണ്ടാം പ്രതി മുഹമ്മദ് അനൂപുമായി നടത്തിയ സാമ്പത്തിക ഇടപാടിന്മേലാണ് ബിനീഷിനെ അറസ്റ്റ് ചെയ്യുന്നത്.

ഏഴുവര്‍ഷത്തിനിടെ ബിനീഷ് വിവിധ ബാങ്ക് അക്കൗണ്ടികളിലൂടെ 5.17 കോടിയുടെ ഇടപാട് നടത്തിയിട്ടുണ്ടെന്നും ഇതില്‍ 1.22 കോടി രൂപയ്ക്ക് മാത്രമാണ് ആദായനികുതി റിട്ടേണ്‍ സമര്‍പ്പിച്ചതെന്നുമാണ് ഇ.ഡിയുടെ കണ്ടെത്തല്‍. ബാക്കി തുക മയക്കുമരുന്ന് ഇടപാടിലൂടെ സമ്പാദിച്ചതാണെന്നുമാണ് ഇ.ഡി കോടതിയില്‍ വാദിച്ചത്. ജാമ്യാപേക്ഷ പ്രത്യേക സെഷന്‍സ് കോടതി തളളിയതിനെതിരെ അഭിഭാഷകര്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കാനിരിക്കെയാണ് ഇ.ഡി കുറ്റപത്രം സമര്‍പ്പിച്ചത്.