കല്ലുകള്‍ ഇളകി പാലം അപകടാവസ്ഥയില്‍; കക്കയത്ത് പാലങ്ങളുടെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നാവശ്യം ശക്തം


കൂരാച്ചുണ്ട്: കക്കയത്ത് പാലങ്ങളുടെ അറ്റകുറ്റപണി വൈകുന്നതില്‍ ജനങ്ങള്‍ ആശങ്കയില്‍. പഞ്ചവടി പാലവും, അങ്ങാടിക്ക് സമീപം പി.ഡബ്ല്യു.ഡി. നിര്‍മിച്ച പാലവും അപകടാവസ്ഥയിലാണ്. ഭയത്തോടെയാണ് ജനങ്ങളിതുവഴി കടന്നു പോകുന്നത്.

പി.ഡബ്ല്യു.ഡി. നിര്‍മിച്ച പാലത്തിന്റെ സംരക്ഷണ ഭിത്തി തകരുകയും പാലത്തിന്റെ അടിത്തറയുടെ കരിങ്കല്‍ക്കെട്ടിന്റെ കല്ലുകള്‍ അടരുകയും ചെയ്തിട്ടുണ്ട്. 1960 കാലഘട്ടത്തിലാണ് പാലം നിര്‍മിച്ചത്. കഴിഞ്ഞ വര്‍ഷങ്ങളില്‍ ഉണ്ടായിട്ടുള്ള ഉരുള്‍പൊട്ടലും പ്രളയവും മൂലം പാലത്തിന് തകരാറ് സംഭവിച്ചിട്ടുണ്ട്. സമീപത്തെ കക്കയം പവര്‍ഹൗസില്‍ നിന്നും പുറന്തള്ളുന്ന വെള്ളത്തിന്റെ ശക്തമായ കുത്തൊഴുക്കും സംരക്ഷണഭിത്തി തകരുന്നതിന് കാരണമായതായി പറയുന്നു. അര നുറ്റാണ്ടിലേറെ പഴക്കംചെന്ന പാലമായിട്ടും അധികൃതര്‍ ഇക്കാര്യത്തില്‍ നടപടിയെടുക്കുന്നില്ലെന്ന ആക്ഷേപമുണ്ട്. ഒട്ടേറെ വാഹനങ്ങള്‍ ദിവസവും കടന്നുപോകുന്നതിനാല്‍ എത്രയും പെട്ടെന്ന് പാലം അറ്റകുറ്റപ്പണി നടത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

കക്കയം പഞ്ചവടി പാലത്തിന്റെ സംരക്ഷണഭിത്തിയും തകര്‍ച്ചയുടെ വക്കിലാണ്. പഞ്ചായത്ത് നിര്‍മിച്ച നടപ്പാലം 40-ലേറെ കുടുംബങ്ങള്‍ ഉപ യോഗിക്കുന്നതാണ്. കക്കയം ജി.എല്‍.പി. സ്‌കൂളിലേക്ക് പോകുന്ന കുട്ടികളും കെ.എസ്.ഇ. ബി. ജീവനക്കാരും പാലം ഉപയോഗിക്കുന്നുണ്ട്. 2018-ല്‍ പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് പാലം പുനര്‍നിര്‍മാണം നടത്തിയിരുന്നു. അടിത്തറ നിര്‍മാണത്തില്‍ അപാകമുള്ളതായി ആക്ഷേപമുയര്‍ന്നിരുന്നു.

തോണിക്കടവുള്‍പ്പെടെയുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്ക് നിരവധി വിനോദ സഞ്ചാരികളാണ് ദിനംപ്രതി എത്തുന്നത്. അതിനാല്‍ പാലങ്ങളുടെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നാണ് വിനോദ സഞ്ചാരികളും ആവശ്യപ്പെടുന്നത്.