കല്ലാമലയിൽ സ്ത്രീയെ വീട്ടിൽ കയറി അക്രമിച്ചത് ആരോഗ്യ പ്രവർത്തകനെന്ന വ്യാജേന; പ്രതിയുടെ രേഖാ ചിത്രം പുറത്തുവിട്ട് പോലീസ്
ഒഞ്ചിയം: കല്ലാമലയിൽ ആരോഗ്യ പ്രവർത്തകനെന്ന വ്യാജേന പട്ടാപ്പകൽ വീട്ടിൽക്കയറി സ്ത്രീയെ ആക്രമിച്ച സംഭവത്തിൽ പ്രതിയുടെ രേഖാചിത്രം പുറത്ത് വിട്ട് പോലീസ്. പ്രതിയുടെ സിസിടിവി ദൃശ്യങ്ങൾ കൊയിലാണ്ടി ന്യൂസ് ഡോട് കോമിന് ലഭിച്ചു.
ചോമ്പാല പോലീസ് സ്റ്റേഷനടുത്ത് കല്ലാമല ദേവീകൃപയിൽ സുലഭ (55) യെയാണ് ആക്രമിച്ച് നാലരപ്പവൻ കവർന്നത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് 12.20-ന് ആണ് സംഭവം. വീട്ടിൽ എത്തിയ ആൾ സുലഭയുടെ ഭർത്താവ് രവീന്ദ്രനോട് ആരോഗ്യ പ്രവർത്തകനാണെന്നും വാക്സിനേഷൻ എടുക്കാനുള്ള ടോക്കനുവേണ്ടി പഞ്ചായത്തിൽ എത്തണമെന്നും അറിയിച്ചു. രവീന്ദ്രൻ ഉടൻ വീട്ടിൽ നിന്നും പുറപ്പെട്ട സമയം ഇയാൾ വീട്ടിൽക്കയറി സുലഭയുടെ കഴുത്തിലെ ആഭരണം കവരാൻ ശ്രമിച്ചു.
പ്രതികളുടെ വീഡിയോ ദൃശ്യം
മൽപ്പിടുത്തത്തിനിടയിൽ അക്രമി കൈയിലുള്ള ചെറിയ ആയുധം ഉപയോഗിച്ച് മുഖത്തും കഴുത്തിലും ഇടിച്ചു. സുലഭയുടെ നിലവിളികേട്ട് ഓടിയെത്തിയ അടുത്ത വീട്ടിലെ നളിനി ചോരയിൽ കുളിച്ചുനിൽക്കുന്ന സുലഭയെയാണ് കണ്ടത്. അക്രമി ഉടൻ ആഭരണവുമായി ഓടിരക്ഷപ്പെട്ടു. സംഭവം നടക്കുമ്പോൾ വീട്ടിൽ പ്രായമായ അമ്മ മാത്രമാണുണ്ടായിരുന്നത്.
വിവരമറിഞ്ഞ് എത്തിയ നാട്ടുകാരും ചോമ്പാല പോലീസും ചേർന്നാണ് സുലഭയെ ആശുപത്രിയിൽ എത്തിച്ചത്. സംഭവത്തിൽ പോലീസ് അന്വേഷണം ഊർജിതമാക്കി. പ്രതികളുടെ ചിത്രങ്ങൾ തിരിച്ചറിയുന്നവർ എത്രയും പെട്ടന്ന് അടുത്തുള്ള പോലീസ് സ്റ്റേഷനിലോ താഴെ പറയുന്ന നമ്പറിലോ ബന്ധപ്പെടണമെന്ന് പോലീസ് അറിയിച്ചു. Dysp: 9497990123
CI Chombala: 9497947239,
SI: 9497980802.