കല്‍പ്പാത്തി അഗ്രഹാരവീഥികളില്‍ ഇനി തേരോട്ടനാളുകള്‍; രഥോത്സവത്തിന് കൊടിയേറി (വീഡിയോ കാണാം)


ല്‍പ്പാത്തി രഥോത്സവത്തിന് കൊടിയേറിയിരിക്കുകയാണ്. കല്‍പ്പാത്തിയെന്ന പേരുതന്നെ ഏറെ പരിചിതമാകുന്നത് കല്‍പ്പാത്തി രഥോത്സവമെന്ന് പറയുമ്പോഴാണ്. അരിപ്പൊടി കോലമെഴുതിയ അഗ്രഹാരവീഥികള്‍കൊണ്ട് നിറഞ്ഞതാണ് കല്‍പ്പാത്തി. പാലക്കാട് ജില്ലയിലെ പൈതൃക ഗ്രാമമായ കല്‍പ്പാത്തിയില്‍ ശ്രീവിശാലാക്ഷി സമേത ശ്രീ വിശ്വനാഥ സ്വാമി ക്ഷേത്രം ഏറെ പ്രത്യേകതകള്‍ നിറഞ്ഞതാണ്.

വര്‍ഷങ്ങള്‍ക്കു മുമ്പ് തഞ്ചാവൂരില്‍ നിന്നും കുടിയേറിപ്പാര്‍ത്ത തമിഴ്ബ്രാഹ്‌മണരാണ് കല്‍പ്പാത്തിയിലുള്ളത്. ആരാധ്യദേവനായ സുബ്രഹ്‌മണ്യനും കാശിനാഥനായ ശിവനും ഭഗവതിയും ഗണപതിയും അവര്‍ക്ക് കൂട്ടുവന്നെന്നും ഇഷ്ടദൈവങ്ങള്‍ക്കായി അമ്പലങ്ങള്‍ ഉണ്ടാക്കി പൂജ നടത്തി പ്രീണിപ്പിച്ചെന്നും ദൈവങ്ങള്‍ക്ക് സവാരി ചെയ്യാന്‍ അവര്‍ രഥങ്ങളുണ്ടാക്കി രഥപൂജ നടത്തിയെന്നുമാണ് കഥ. വര്‍ഷത്തിലൊരിക്കല്‍ കല്‍പ്പാത്തിയിലെ ഭക്തരെ കാണാന്‍ ദേവന്മാര്‍ രഥത്തിലേറി അഗ്രഹാരവീഥിയിലൂടെ യാത്ര നടത്തുമെന്നാണ് വിശ്വാസം.

നവംബര്‍ മാസത്തിലാണ് കല്‍പ്പാത്തി തേരുത്സവം നടക്കുന്നത്. വിശാലാക്ഷി സമേത വിശ്വനാഥ സ്വാമി ക്ഷേത്രം, പുതിയ കല്‍പ്പാത്തി മന്തക്കര മഹാഗണപതി ക്ഷേത്രം, പഴയ കല്‍പ്പാത്തി ലക്ഷ്മി നാരായണ പെരുമാള്‍ ക്ഷേത്രം, ചാത്തപുരം പ്രസന്ന മഹാഗണപതി ക്ഷേത്രം എന്നിവയാണ് രഥോത്സവത്തിന്റെ പങ്കാളികള്‍. 700 വര്‍ഷം പഴക്കമുള്ള ഈ ഉത്സവത്തില്‍ കല്‍പ്പാത്തിയിലെ നാലു ക്ഷേത്രങ്ങളില്‍ നിന്നുമെത്തുന്ന നാല് രഥകള്‍ ഈ തെരുവുകളില്‍ സംഗമിക്കുന്നു.

ആചാരങ്ങളെയും വിശ്വാസങ്ങളെയും മുറുകെപിടിച്ചുകൊണ്ടുതന്നെയാണ് ഇത്തവണയും രഥോത്സവം ആഘോഷിക്കുന്നത്. കോവിഡിനെ തുടര്‍ന്ന് കഴിഞ്ഞവര്‍ഷം ചടങ്ങുകള്‍ മാത്രമായാണ് രഥോത്സവം നടന്നത്. ഇത്തവണ നിയന്ത്രണങ്ങള്‍ക്ക് ഇളവുകള്‍ വന്നതോടെ സാമൂഹ്യഅകലം പാലിച്ച് രഥോത്സവം നടക്കുമെന്ന പ്രതീക്ഷയിലാണ് ഭക്തര്‍. ഏറെ ചര്‍ച്ചകള്‍ക്കുശേഷമാണ് ഉപാധികളോടെ കല്‍പ്പാത്തി രഥോത്സവത്തിന് സര്‍ക്കാര്‍ അനുമതി നല്‍കിയത്.

കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് ഇത്തവണ രഥോത്സവം നടക്കുന്നത്. അഗ്രഹാര വീഥികളില്‍ 200 പേര്‍ക്ക് മാത്രമാണ് പങ്കെടുക്കാന്‍ അനുമതി നല്‍കിയിരിക്കുന്നത്. ക്ഷേത്രത്തിനകത്തെ ചടങ്ങുകളില്‍ പരമാവധി നൂറുപേര്‍ക്കും പങ്കെടുക്കാം. 14,15,16 തിയ്യതികളിലാണ് രഥോത്സവം. 17ന് രാവിലെ കൊടിയിറങ്ങും.

അഗ്രഹാരവീഥിയിലൂടെ ദേവനെ വഹിച്ചുകൊണ്ടുള്ള രഥം നീങ്ങുമ്പോള്‍ അതൊന്ന് കാണാനും തൊട്ടുവണങ്ങാനും ഭക്തരുടെ വന്‍തിരക്കാണ് സാധാരണ അനുഭവപ്പെടാറുള്ളത്. സമാപനത്തില്‍ അഞ്ച് രഥങ്ങള്‍ അണിനിരക്കും. സായംസന്ധ്യയില്‍ വിശാലാക്ഷീ സമേത വിശ്വനാഥ് സ്വാമി, ഗണപതി, വല്ലി ദൈവാന സമേത സുബ്രഹ്‌മണ്യന്‍, ലക്ഷ്മീനാരായണ പെരുമാള്‍, പ്രസന്ന മഹാഗണപതി എന്നിവിടങ്ങളില്‍ നിന്നുള്ള തേരുകള്‍ തേരുമുട്ടിയില്‍ സംഗമിക്കുന്നതോടെ ചടങ്ങുകള്‍ അവസാനിക്കും.