കലിയടങ്ങാതെ കടൽ; കൊയിലാണ്ടി മേഖലയിൽ കടലാക്രമണം രൂക്ഷം, റോഡുകൾ തകർന്നു, നിരവധി കുടുംബങ്ങളെ വീടുകളിൽ നിന്നും മാറ്റി


കൊയിലാണ്ടി: അറബിക്കടലിൽ രൂപം കൊണ്ട ന്യൂനമർദ്ദത്തെ തുടർന്നുണ്ടായ കടൽ ക്ഷോഭം കൊയിലാണ്ടി തീരപ്രദേശങ്ങളിൽ കനത്ത നാശനഷ്ടങ്ങൾക്ക് വഴി വെച്ചിരിക്കുകയാണ്. കാപ്പാട്, തുവ്വപ്പാറ, ഏഴുകുടിക്കല്‍, ചെറിയ മങ്ങാട്, ഗുരുകുലം ബീച്ച്, പാറപ്പള്ളി ഭാഗങ്ങളില്‍ കടലാക്രമണം ശക്തം. രണ്ട് ദിവസമായി ശക്തമായ കടല്‍ ക്ഷോഭം കാരണം തീരത്തേക്ക് തീരമാലകള്‍ ആഞ്ഞടിക്കുകയാണ്.

കാപ്പാട് തൂവ്വപ്പാറയ്ക്ക് സമീപം കടല്‍ ഷോഭം ശക്തമാണ്. തീരത്തെ കാറ്റാടി മരങ്ങള്‍ കടപുഴകി വിണു. കാപ്പാട് മുതല്‍ കൊയിലാണ്ടി ഹാര്‍ബര്‍ വരെയും, തുടര്‍ന്ന് ഗുരുകുലം ബീച്ച് വരെയുമുളള തീരമേഖലയിലാണ് കടല്‍ ക്ഷോഭം ശക്തമായി തുടരുന്നത്. നിരവധി വീടുകളില്‍ വെളളം കയറിയ ഗുരുകുലം ബീച്ചില്‍ സമീപത്തെ ചെറിയതോട് കരകവിഞ്ഞ് സമീപത്തെ അഞ്ചോളം വീടുകളിലേക്ക് വെളളമെത്തി.

കൊല്ലം പാറപ്പളളി ഭാഗത്ത് കടലാക്രമണം ശക്തമായ സ്ഥലത്ത് നിന്ന് ആറ് കുടുംബങ്ങളിലെ 35 പേരെ സമീപത്തെ മദ്രസയിലേക്ക് മാറ്റി താമസിപ്പിച്ചു. കടലാക്രമണം രൂക്ഷമായാല്‍ കൂടുതല്‍ കുടുംബങ്ങളെ സുരക്ഷിത സ്ഥനങ്ങളിലേക്ക് മാറ്റി താമസിപ്പിക്കേണ്ടി വരുമെന്ന് തഹസില്‍ദാര്‍ വി.എം.നന്ദകുമാര്‍ പറഞ്ഞു.

ചെങ്ങോട്ടുകാവ് ഏഴു കുടിക്കല്‍ ഭാഗത്ത് തീരദേശ റോഡിലെ പാലത്തിന്റെ കൈവരികളും റോഡും കടല്‍ക്ഷോഭത്തില്‍ തകര്‍ന്നു. ഇതോടെ ഇതു വഴിയുള്ള വാഹന ഗതാഗതം നിയന്ത്രിച്ചു. നിയുക്ത എം.എല്‍.എ. കാനത്തില്‍ ജമീല സ്ഥലം സന്ദര്‍ശിച്ചു. ചെങ്ങോട്ടുകാവ് പഞ്ചായത്ത് പ്രസിഡണ്ട് ഷീബ മലയില്‍, സ്ഥിരം സമിതി ചെയര്‍മാന്‍ ബേബി. സുന്ദര്‍രാജ്, സി.പി.എം ഏരിയാ സെക്രട്ടറി കെ.കെ.മുഹമ്മദ് എന്നിവരും കടലോരം സന്ദര്‍ശിച്ചു. എം.എല്‍.എയുടെ നിര്‍ദ്ദേശ പ്രകാരം കരിങ്കല്ലുകൾ കൊണ്ട് വന്നു ഇവിടെ നിക്ഷേപിച്ച് പാലത്തിന് സുരക്ഷിതത്വം വര്‍ദ്ധിപ്പിച്ചു.