കര്‍ക്കിടത്തിലെ തിരുവോണം, ഇന്ന് പിള്ളേരോണം; ഓര്‍മയുടെ മുറ്റത്ത് ഉണ്ണിയപ്പക്കൊതിയുള്ള കുഞ്ഞുങ്ങളും പൂക്കളവും ഓണവില്ലും
ചിങ്ങത്തിലെ തിരുവോണത്തിന് മുന്നേ ഒരു ഓണം ഉണ്ട്. ഓണത്തിന് 27 ദിവസം മുന്നേ വരുന്ന കർക്കടകത്തിലെ തിരുവോണം . ഇത് പിള്ളേരോണം ആയിട്ടാണ് ആഘോഷിക്കുന്നത്. പേരുപോലെതന്നെ കുട്ടികളുടെ ഓണം. കർക്കടകത്തിലെ തിരുവോണം നാൾ 2021 ജൂലൈ 25 ഞായറാഴ്ച (ഇന്ന് ) ആണ്.
പണ്ടുകാലങ്ങളിൽ ഓണത്തിന് മുന്നോടിയായുള്ള ഒരുക്കങ്ങൾ ഈ ദിനം മുതൽ ആരംഭിക്കുമായിരുന്നത്രേ. ചിങ്ങത്തിലെ തിരുവോണം മാവേലിയുടേതെങ്കിൽ കർക്കടകത്തിലെ പിള്ളേരോണം വാമനന്റേതെന്നു പക്ഷമുണ്ട്.
തിരുവോണത്തിനുള്ള പോലെ വല്യ ആഘോഷങ്ങൾ ഒന്നും ഇല്ലെങ്കിലും മുറ്റത്തു ചെറിയപൂക്കളം ഒരുക്കി പരിപ്പും പപ്പടവും ചേർത്ത് സദ്യ ഒരുക്കാറുണ്ട്. പണ്ടുകാലങ്ങളിൽ കുട്ടികൾക്ക് ഏറ്റവും പ്രിങ്കരമായ ഉണ്ണിയപ്പം ഈ ദിനങ്ങളിൽ അമ്മമാർ തയാറാക്കിയിരുന്നു. ചിലയിടങ്ങളിൽ കുട്ടികൾ കൈകളിൽ മഞ്ഞളും മൈലാഞ്ചിയും ചേർത്തരച്ചണിയുന്ന പതിവും ഉണ്ട്.