‘കരുത്തനാകാൻ’ പെരുവണ്ണാമൂഴി ഡാം; നിലവിലെ ഡാമിന് താഴെയായി 29 കോടി രൂപ ചെലവില്‍ പുതിയ കോണ്‍ക്രീറ്റ് ഡാം മൂന്ന് വർഷത്തിനകം
പേരാമ്പ്ര: കുറ്റ്യാടി ജലസേചന പദ്ധതിയുടെ ഭാഗമായ പെരുവണ്ണാമൂഴി അണക്കെട്ട് ബലപ്പെടുത്തുന്നു. നിലവിലുള്ള മേസണ്‍റി ഡാമിന് താഴെയായി പുതിയ കോണ്‍ക്രീറ്റ് അണക്കെട്ട് നിര്‍മ്മിക്കുന്ന തരത്തിലാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്.
വേള്‍ഡ് ബാങ്കിന്റെ ധനസഹായത്തോടെ കേന്ദ്ര ജല കമ്മീഷന്റെ ഡി.ആര്.ഐ.പി പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് പദ്ധതി നടപ്പാക്കുന്നത്. 29.13 കോടി രൂപയാണ് കരാര്‍ തുക. ഇതിന്റെ 70 ശതമാനം വേള്‍ഡ് ബാങ്കും 30 ശതമാനം തുക സംസ്ഥാന സര്‍ക്കാറുമാണ് നല്‍കുക.
ഇറിഗേഷന്‍ ഡിസൈന്‍ ആന്‍ഡ് റിസേര്‍ച് ബോര്‍ഡ് (ഐ.ഡി.ആര്.ബി) തയ്യാറാക്കിയ ഡിസൈന്‍ പ്രകാരം ബാലാജി കണ്‍സ്ട്രക്ഷന്‍സ് ആണ് കോണ്‍ക്രീറ്റ് ഡാം നിര്‍മ്മിക്കുക. നിര്‍ദ്ദിഷ്ട കോണ്‍ക്രീറ്റ് ഡാമിന്റെ ഉയരം 39.65 മീറ്ററാണ്. നിലവിലെ മേസണ്‍റി ഡാമിന് 46.85 മീറ്ററാണ് ഉയരം. മൂന്ന് വര്‍ഷത്തിനകം നിര്‍മ്മാണ പ്രവൃത്തി പൂര്‍ത്തീകരിക്കാനാണ് ലക്ഷ്യമിട്ടിരിക്കുന്നത്.
പേരാമ്പ്ര ന്യൂസ് ഡോട് കോമിന്റെ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാനായി ഇവിടെ ക്ലിക്ക് ചെയ്യുക.
1971 ലാണ് പെരുവണ്ണാമൂഴി അണക്കെട്ട് കമ്മീഷന് ചെയ്തത്. അണക്കെട്ടിന്റെ സംഭരണശേഷി പൂര്‍ണ്ണമായി പൂര്‍ണ്ണമായി ഉപയോഗിച്ചിരുന്നില്ല. പിന്നീട് 1980 കളില്‍ അണക്കെട്ടിന്റെ പാര്‍ശ്വഭാഗങ്ങളില്‍ ബലക്ഷയമുണ്ട് എന്ന കേന്ദ്ര ജല കമ്മീഷന്റെ കണ്ടെത്തലിനെ തുടര്‍ന്ന് അപകടസാധ്യതയുള്ള അണക്കെട്ടുകളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്നു. അന്ന് തന്നെ സപ്പോര്‍ട്ട് ഡാം നിര്‍മ്മിക്കണമെന്ന് കമ്മീഷന് നിര്‍ദ്ദേശിച്ചിരുന്നു. അന്ന് ഡാമിന്റെ സംഭരണ ശേഷി കുറയ്ക്കുകയും ചെയ്തിരുന്നു.
ജലസേചനം മാത്രം ലക്ഷ്യമിട്ടാണ് പെരുവണ്ണാമൂഴി അണക്കെട്ട് നിര്‍മ്മിച്ചതെങ്കിലും പിന്നീട് ജപ്പാന് കുടിവെള്ള പദ്ധതി ഉള്‍പ്പെടെ ചെറുതും വലുതുമായ കുടിവെള്ള പദ്ധതികള്‍ക്കും വൈദ്യുതി ഉല്പ്പാദനത്തിലുമെല്ലാം ഡാം റിസര്‍വോയറിലെ ജലം ഇപ്പോള്‍ ഉപയോഗിക്കുന്നുണ്ട്.