കരിപ്പൂര്‍ സ്വര്‍ണക്കടത്ത്; കോഴിക്കോട് കൊടുവള്ളി സ്വദേശി മുഹമ്മദ് റാഫി പിടിയില്‍


കോഴിക്കോട്: രാമനാട്ടുകര വാഹനാപകടത്തിൽ മരിച്ചവരുൾപ്പെട്ട കരിപ്പൂർ സ്വർണക്കടത്ത് കവർച്ചാ കേസിൽ ഒരാൾകൂടി പിടിയിൽ. കോഴിക്കോട്‌ കൊടുവള്ളി വട്ടോളി സ്വദേശി കോട്ടോപറമ്പിൽ മുഹമ്മദ് റാഫി (31)യെയാണ് കൊണ്ടോട്ടി ഡിവൈഎസ്‌‌പി കെ കെ അഷ്‌റഫിന്റെ നേതൃത്വത്തിൽ അറസ്റ്റ്‌ ചെയ്തത്. വെള്ളിയാഴ്ച പുലർച്ചെ താമരശ്ശേരിയിൽ വച്ചാണ്‌ ഇയാളെ പിടികൂടിയത്.

സംഭവദിവസം കൊടുവള്ളിയിൽനിന്ന്‌ വന്ന സംഘത്തോടൊപ്പം മുഹമ്മദ് റാഫി ഉണ്ടായിരുന്നതായി അന്വേഷക ഉദ്യോഗസ്ഥർക്ക് വിവരം ലഭിച്ചു. സംഘം ആർജുൻ ആയങ്കി വന്ന വാഹനത്തെ പിന്തുടർന്നതായും പാലക്കാട് സംഘം വന്ന ബൊലേറോ അപകടത്തിൽപ്പെടുന്നത് കണ്ടതായും ഇയാൾ പൊലീസിന് മൊഴിനൽകി. ബൊലേറോ ഇടിച്ച ലോറിയുടെ ഡ്രൈവർ കൈ കാണിച്ച് ഇവരോട് നിർത്താൻ ആവശ്യപ്പെട്ടെങ്കിലും കടന്നുകളയുകയായിരുന്നു. ഇയാളിൽനിന്ന്‌ കൊടുവള്ളി സംഘത്തിലെ മറ്റുള്ളവരെക്കുറിച്ച് സൂചന ലഭിച്ചിട്ടുണ്ട്.

കേസിൽ ഉൾപ്പെട്ട മിക്കവർക്കും വയനാട് കേന്ദ്രീകരിച്ച് സ്വന്തം പേരിലോ ബിനാമിയായോ സ്ഥലങ്ങളും റിസോർട്ടുകളും ഉള്ളതായി പൊലീസ്‌ പറഞ്ഞു. കേസിൽ ഇതുവരെ അറസ്റ്റിലായ പ്രതികളുടെ എണ്ണം 34 ആയി. 16ഓളം വാഹനങ്ങളും പിടിച്ചെടുത്തു. മലപ്പുറം ജില്ലാ പൊലീസ് മേധാവി സുജിത്ത് ദാസിന്റെ നേതൃത്വത്തിൽ കൊണ്ടോട്ടി ഡിവൈഎസ്‌‌പി അഷറഫ്, പ്രത്യേക അന്വേഷക സംഘാം​ഗങ്ങളായ കരിപ്പൂർ ഇൻസ്പെക്ടർ ഷിബു, ശശി കുണ്ടറക്കാട്, സത്യനാഥൻ മനാട്ട്, അസീസ്, ഉണ്ണികൃഷ്ണൻ, പി സഞ്ജീവ്, ബിജു, വി കെ സുരേഷ്, രാജീവ് ബാബു, ഒ മോഹൻദാസ്, ഹാദിൽ കുന്നുമ്മൽ, ഷഹീർ പെരുമണ്ണ, സതീഷ് നാഥ്, അബ്ദുൾ ഹനീഫ, ദിനേശ് കുമാർ എന്നിവരാണ്‌ പ്രതിയെ പിടികൂടിയത്‌.