കരിപ്പൂര്‍ വിമാനാപകടത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്തിയവര്‍ക്കുള്ള പുരസ്കാരത്തെ ചൊല്ലി വിവാദം; രക്ഷാദൗത്യത്തില്‍ പങ്കെടുത്തവരെ ഒഴിവാക്കി അനര്‍ഹരെ തിരുകിക്കയറ്റിയെന്ന് ആരോപണം
കോഴിക്കോട്: കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് ഏഴിന് കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഉണ്ടായ വിമാനാപകടത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്തിയവര്‍ക്കുള്ള പുരസ്കാരത്തെ ചൊല്ലി വിവാദം. രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്ത പൊലീസുകാരെ ഒഴിവാക്കി അന്ന് സ്ഥലത്ത് ഇല്ലാതിരുന്ന അനര്‍ഹരായവരെ പട്ടികയില്‍ ഉള്‍പ്പെടുത്തിയെന്നാണ് ആരോപണം.
കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ സ്പെഷ്യല്‍ ഓപ്പറേഷന് പുരസ്കാരത്തിന്റെ പട്ടികയാണ് ഇപ്പോള്‍ വിവാദമായത്. പട്ടികയില്‍ നിന്ന് ഒഴിവാക്കപ്പെട്ട പൊലീസ് ഉദ്യോഗസ്ഥര്‍ മുഖ്യമന്ത്രിക്കും പ്രധാനമന്ത്രിക്കും പരാതി നല്കി.
വിമാനാപകടം നടക്കുമ്പോള്‍ അവധിയിലായിരുന്ന വാഴക്കാട് സിവില്‍ പൊലീസ് ഓഫീസര്‍ കെ. ശ്രീജ, സംഭവം നടക്കുമ്പോള്‍ സ്ഥലത്തില്ലാതിരുന്ന യു. അലവി എന്നിവര്‍ പുരസ്കാരം ലഭിച്ചവരുടെ പട്ടികയില്‍ ഉള്‍പ്പെടുന്നതായാണ് ആക്ഷേപം.
അതേസമയം രക്ഷാപ്രവര്‍ത്തനിടെ ചതുപ്പില്‍ വീണ അന്നത്തെ എടവണ്ണ എസ്.ഐ ഷഫീക്കിന് പുരസ്കാരമില്ല. കൂടാതെ കോഴിക്കോട്ട് നിന്നെത്തിയ പൊലീസുകാര്‍ ആരും പുരസ്കാര പട്ടികയില്‍ ഇടംനേടിയില്ല. രക്ഷാദൗത്യത്തില്‍ പങ്കെടുത്ത പതിനൊന്നുപേരുടെ പട്ടികയില്‍ വെട്ടിത്തിരുത്തല്‍ നടത്തിയത് ഉന്നത പൊലീസ് ഉദ്യോഗസ്ഥനാണ് എന്നാണ് ആരോപണം.
രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്ത 11 പൊലീസ് ഓഫീസര്‍മാരുടെ പട്ടിക സഹിതമാണ് മുഖ്യമന്ത്രിക്കും പ്രധാനമന്ത്രിക്കും പരാതി നല്‍കിയത്. മലപ്പുറം എസ്.പി യു. അബ്ദുല്‍ കരീമിനായിരുന്നു രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്ത പൊലീസുകാരുടെ പട്ടിക തയ്യാറാക്കാനുള്ള ചുമതല. അബ്ദുല്‍ കരീം ഇടപെട്ടാണ് അര്‍ഹരായ പലരെയും വെട്ടിയതെന്നാണ് പൊലീസുകാര്‍ പറയുന്നത്.
2020 ഓഗസ്റ്റ് ഏഴിന് രാത്രി എട്ടുമണിയോടെയാണ് കരിപ്പൂര്‍ വിമാനത്താവളത്തില്‍ ദുരന്ത വിമാനം പറന്നിറങ്ങിയത്. ദുബായില്‍ നിന്നും 184 യാത്രക്കാരും ആറ് ജീവനക്കാരുമായി കരിപ്പൂരിലെത്തിയ ഐ.എക്സ് 1344 എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനം കനത്ത മഴയില്‍ റണ്‍വേ കാണാത്തതിനാല്‍ രണ്ട് വട്ടം ലാന്‍ഡ് ചെയ്യാതെ പറന്നുയര്‍ന്നു. വിമാനം പിന്നീട് ലാന്‍ഡ് ചെയ്തത് സാധാരണ ലാന്‍ഡ് ചെയ്യാന്‍ ഉപയോഗിക്കാത്ത റണ്‍വേ 10 ല്‍ ആയിരുന്നു.
റണ്‍വേയില്‍ നിന്ന് തെന്നിമാറിയ വിമാനം ചതുപ്പ് നിലവും കടന്നു 35 മീറ്ററോളം താഴ്ചയിലേക്ക് പതിച്ച് മൂന്ന് കഷ്ണമായി പിളരുകയായിരുന്നു. വിമാനത്താവളത്തിന്റെ ചുറ്റുമതില്‍ തകര്‍ത്ത് വിമാനത്തിന്റെ മുന്‍ഭാഗം പുറത്തേക്ക് എത്തി. വിമാനത്തിന്റെ പൈലറ്റ് ദീപക് വസന്ത് സാഥേ, സഹ പൈലറ്റ് അഖിലേഷ് കുമാര്‍ എന്നിവരെ കൂടാതെ 19 പേരാണ് അപകടത്തില്‍ മരിച്ചത്. 165 പേര്‍ക്ക് അപകടത്തില്‍ പരിക്കേറ്റു. ഇതില്‍ 22 പേരുടെ പരിക്ക് ഗുരുതരമായിരുന്നു.