കരിപ്പൂര്‍ വിമാനാപകടത്തിന്റെ കാരണം കണ്ടെത്തി; അന്വേഷണ റിപ്പോര്‍ട്ടിന്റെ വിശദാംശങ്ങള്‍


ന്യൂഡല്‍ഹി: പൈലറ്റിന്റെ ഭാഗത്തുനിന്നുള്ള വീഴ്ചയടക്കമുള്ള കാരണങ്ങള്‍ കൊണ്ടാണ് 2020ല്‍ കരിപ്പൂര്‍ വിമാനത്താവളത്തില്‍ വിമാനം അപകടത്തില്‍പ്പെട്ടതെന്ന് അന്വേഷണ റിപ്പോര്‍ട്ട്. പൈലറ്റിന്റെ ഭാഗത്തുനിന്നുണ്ടായ തെറ്റായ തീരുമാനങ്ങള്‍, സഹ പൈലറ്റിന്റെ അലംഭാവം, വിമാനക്കമ്പനിയുടെ മോശം ക്രൂ ഷെഡ്യൂളിങ് നയം, കോക്പിറ്റിലെ വിന്‍ഡ്ഷീല്‍ഡ് വൈപ്പറിന്റെ തകരാറ്, കരിപ്പൂരിലെ കനത്ത മഴ, തെറ്റായ റണ്‍വേ തെരഞ്ഞെടുത്തത്, കാറ്റിന്റെ വേഗത സംബന്ധിച്ച് പൈലറ്റിന് തെറ്റായ വിവരം ലഭിച്ചത് തുടങ്ങിയ കരിപ്പൂര്‍ വിമാനാപകടത്തിന് കാരണമായെന്നാണ് അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നത്.

‘ പൈലറ്റ് അടിസ്ഥാന നടപടി ക്രമങ്ങള്‍ക്ക് ചെവികൊടുക്കാത്തത് അപകടത്തിന് ഇടയാക്കിയിട്ടുണ്ടാവാം.’ റിപ്പോര്‍ട്ടില്‍ പറയുന്നത്.

വിമാനം എടുക്കുന്നതിനു മുമ്പ്, പിറ്റേദിവസത്തെ കോഴിക്കോട് നിന്നും ദോഹയിലേക്കുള്ള വിമാനം പ്രവര്‍ത്തിപ്പിക്കാന്‍ അല്‍ എക്‌സ്പ്രസ് പൈലറ്റിനോട് പറഞ്ഞിരുന്നു. പിറ്റേദിവസം രാവിലെയുള്ള വിമാനം പ്രവര്‍ത്തിപ്പിക്കണമെന്നതാവാം കരിപ്പൂരില്‍ തന്നെയിറങ്ങാമെന്ന പൈലറ്റിന്റെ തീരുമാനത്തിന് പിന്നിലെ പ്രേരകം. കരിപ്പൂരില്‍ മതിയായ എണ്ണം ക്യാപ്റ്റന്‍മാര്‍ ഇല്ലാത്തത് എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ എച്ച്.ആര്‍ നയത്തിന്റെ അലംഭാവമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

അടുത്ത വിമാനത്താവളത്തെ ആശ്രയിക്കുകയെന്ന ഗോ എറൗണ്ട് നിര്‍ദേശം പാലിക്കപ്പെട്ടില്ല. സമാനമായ കാലാവസ്ഥയില്‍ പലതവണ കരിപ്പൂരില്‍ ഇറക്കിയ അനുഭവം പൈലറ്റിനുണ്ട്. അത് അമിത ആത്മവിശ്വാസം ഉണ്ടാക്കിയിട്ടുണ്ടാവാമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

പൈലറ്റ് കുറിപ്പടിയില്ലാത്ത പ്രമേഹരോഗത്തിനുള്ള മരുന്ന് കഴിക്കുന്നുണ്ട്. ഇതും ശ്രദ്ധക്കുറവിന് കാരണമായിട്ടുണ്ടാവാമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. റണ്‍വേയിലെ കാറ്റിന്റെ വേഗത മണിക്കൂറില്‍ 29 കിലോമീറ്റര്‍ ആയിരുന്നു. എന്നാല്‍ 18 എന്ന സന്ദേശമാണ് പൈലറ്റിനു ലഭിച്ചത്.

വിമാനം വശങ്ങളിലേക്കു തെന്നിമാറി ഇന്ധന ടാങ്കില്‍ ചോര്‍ച്ചയുണ്ടായി ടേബിള്‍ ടോപ്പ് റണ്‍വേയില്‍ നിന്ന് മുന്നോട്ടുപോയി വിമാനം മൂന്നു ഭാഗമായി തകരുകയായിരുന്നു. വീഴ്ച്ച മനസിലാക്കി നിരീക്ഷണച്ചുമതലയുള്ള പൈലറ്റ് ഇടപെട്ടില്ല. സാങ്കേതിക പിഴവ് തള്ളിക്കളായാനാകില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്റെ കീഴിലുള്ള എയര്‍ക്രാഫ്റ്റ് ആക്‌സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോയുടെ 257 പേജുള്ള റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്നത്.

2020 ഓഗസ്റ്റ് 7നാണ് എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ ബോയിങ് 737 വിമാനം ലാന്‍ഡിങ്ങിനിടെ അപകടത്തില്‍പെട്ടത്. അപകടത്തില്‍ പൈലറ്റും സഹപൈലറ്റും ഉള്‍പ്പെടെ 21 പേരാണ് മരിച്ചത്. 165 പേര്‍ക്കു പരുക്കേറ്റു. വിമാനത്തില്‍ 184 യാത്രക്കാരാണ് ഉണ്ടായിരുന്നത്.