കരിപ്പൂരിൽ 73 ലക്ഷത്തിന്റെ സ്വർണം പിടികൂടി


കൊണ്ടോട്ടി: കരിപ്പൂരിൽ കാസർകോട് സ്വദേശികളായ രണ്ടു യാത്രക്കാരിൽനിന്ന് വ്യത്യസ്ത കേസുകളിലായി 73 ലക്ഷം രൂപയുടെ സ്വർണം പിടികൂടി. ഷാർജയിൽനിന്നെത്തിയ യാത്രക്കാരനിൽനിന്ന് 884 ഗ്രാം സ്വർണ മിശ്രിതവും ദുബായിൽനിന്നെത്തിയ യുവതിയിൽനിന്ന് 840 ഗ്രാം സ്വർണമിശ്രിതവുമാണ് പിടികൂടിയത്.

ഡി.ആർ.ഐ. വിഭാഗത്തിൽനിന്ന് രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഷാർജയിൽനിന്നെത്തിയ കാസർകോട് സ്വദേശി ഇബ്രാഹിം സിറാജിനെ എയർകസ്റ്റംസ് ഇന്റലിജൻസ് യൂണിറ്റ് പരിശോധിച്ചത്. കാപ്‌സ്യൂൾ രൂപത്തിൽ ശരീരത്തിനകത്താക്കിയാണ് സ്വർണം കടത്താൻ ശ്രമിച്ചത്.

35 ലക്ഷം രൂപയുടെ സ്വർണമാണ് ഇയാളിൽനിന്നു പിടികൂടിയത്. ദുബായിൽനിന്നെത്തിയ യുവതിയിൽനിന്നാണ് 840 ഗ്രാം സ്വർണമിശ്രിതം പിടികൂടിയത്. അടിവസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ചാണ് സ്വർണം കൊണ്ടുവന്നത്.