കരിപ്പൂരിൽ സ്വർണം കടത്താൻ ശ്രമം; വടകര സ്വദേശിയുൾപ്പടെ രണ്ടുപേർ പിടിയിൽ, ഒരു കോടിയോളം രൂപയുടെ സ്വർണ്ണം പിടികൂടി


കൊണ്ടോട്ടി: രണ്ടു യാത്രക്കാരിൽനിന്നായി ഒരുകോടിയോളം രൂപയുടെ സ്വർണം കോഴിക്കോട്‌ വിമാനത്താവളത്തിൽ പിടികൂടി. കോഴിക്കോട് കസ്റ്റംസ് പ്രിവന്റീവ് വിഭാഗമാണ് 1917 ഗ്രാം സ്വർണം പിടികൂടിയത്. ഷാർജയിൽനിന്ന് എയർ അറേബ്യ വിമാനത്തിലെത്തിയ കാഞ്ഞങ്ങാട് സ്വദേശി ജംഷീദിൽനിന്ന് 1056 ഗ്രാം സ്വർണമിശ്രിതം കണ്ടെടുത്തു. വടകര കക്കട്ടിൽ സ്വദേശി മഠത്തിൽ അബ്ദുൾനജീബിൽനിന്ന് 861 ഗ്രാം സ്വർണമിശ്രിതവും പിടികൂടി. ശരീരത്തിൽ ഒളിപ്പിച്ചാണ് ഇരുവരും സ്വർണം കടത്തിയത്.

കസ്റ്റംസ് പ്രിവന്റീവ് അസിസ്റ്റന്റ്‌ കമ്മീഷണർ കെ.വി.രാജന്റെ നിർദേശപ്രകാരം സൂപ്രണ്ടുമാരായ സി. സുരേഷ്ബാബു, കെ.കെ.പ്രവീൺകുമാർ, സന്തോഷ് ജോൺ, ഇൻസ്‌പെക്ടർമാരായ എം.പ്രതീഷ്, ഇ.മുഹമ്മദ് ഫൈസൽ, ഹെഡ് ഹവീൽദാർ ഇ.വി.മോഹനൻ എന്നിവരാണ് സ്വർണം പിടികൂടിയത്.

മാർച്ച്, ഏപ്രിൽ മാസങ്ങളിലായി ആറരക്കോടിയോളം രൂപയുടെ സ്വർണം കസ്റ്റംസ് പ്രിവന്റീവ് വിഭാഗം കോഴിക്കോട്‌ വിമാനത്താവളത്തിൽ പിടികൂടിയിട്ടുണ്ട്. മൊത്തം 13 കിലോയോളം സ്വർണമാണ് പിടികൂടിയത്. വിമാനത്താവളത്തിലെ എയർ ഇന്റലിജൻസ് യൂണിറ്റും ഡി.ആർ.ഐയും പിടികൂടിയതിനു പുറമെയാണിത്.