കരിപ്പൂരില്‍ വലിയ വിമാനങ്ങളുടെ സര്‍വീസ് വൈകുന്നു; മലബാര്‍ ചേംബറും കാലിക്കറ്റ് എയര്‍പോര്‍ട്ട് കമ്മിറ്റിയും പ്രക്ഷോഭത്തിന്


കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ വലിയ വിമാനങ്ങളുടെ സര്‍വ്വീസ് വൈകുന്നതിനെതിരെ മലബാര്‍ ചേംബറും കാലിക്കറ്റ് എയര്‍പ്പോര്‍ട്ട് കമ്മിറ്റിയും സംയുക്തമായി പ്രക്ഷോഭം സംഘടിപ്പിക്കാന്‍ തീരുമാനിച്ചതായി മലബാര്‍ ചേംബര്‍ പ്രസിഡന്റ് ഹസീബ് അഹമ്മദ് വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചു.

ഇക്കഴിഞ്ഞ 2021 സെപ്റ്റംബര്‍ ആദ്യവാരം ഇതുസംബന്ധിച്ച് കേന്ദ്ര വ്യോമയാന മന്ത്രി ആദിത്യ സിന്ധ്യയുമായി കൂടിക്കാഴ്ചനടത്തി നിവേദനം നല്‍കിയിരുന്നു. വിമാന അപകട റിപ്പോര്‍ട്ട് പ്രതികൂലമല്ലെങ്കില്‍ വലിയ വിമാനങ്ങളുടെ സര്‍വ്വീസ് അനുമതി നല്‍കുമെന്ന് ഉറപ്പ് നല്‍കുകയും ചെയ്തു. എന്നാല്‍ റണ്‍വേയുടെ കുഴപ്പമല്ലെന്നും പൈലറ്റിന് പറ്റിയ അബദ്ധമാണ് അപകടത്തിന് ഇടയാക്കിയതെന്നുമുള്ള റിപ്പോര്‍ട്ട് വന്ന് അഞ്ചുമാസം കഴിഞ്ഞിട്ടും ഇത് സംബന്ധിച്ച് അനുകൂല തീരുമാനമായില്ല. ഇക്കാര്യം ചൂണ്ടിക്കാട്ടി വീണ്ടും കേന്ദ്രത്തിന് കത്തയച്ചു. പക്ഷെ ഫലമുണ്ടായില്ല.

റണ്‍വേ വിപുലീകരണത്തിന് വേണ്ട മൊത്തം ഭൂമി അനുവദിക്കാന്‍ സംസ്ഥാന സര്‍ക്കാറിന് കത്തയക്കുമെന്ന് പറഞ്ഞിരുന്നു. അതുണ്ടായില്ല. ഇതോടെ ഭൂമി ഏറ്റെടുക്കല്‍ നീളുകയാണ്. ഇത്തരത്തില്‍ നിഷേധാത്മക സമീപനം തുടരുന്ന സാഹചര്യത്തിലാണ് ചേംബറും പോഷക സംഘടനകളും യോഗം ചേര്‍ന്ന് പ്രക്ഷോഭ പരിപാടികള്‍ ആസൂത്രണം ചെയ്യാന്‍ തീരുമാനിച്ചതെന്ന് കാലിക്കറ്റ് എയര്‍പോര്‍ട്ട് കമ്മിറ്റി അറിയിച്ചു.

ചേംബര്‍ പ്രസിഡന്റ് ഹസീബ് അഹമ്മദ് അധ്യക്ഷത വഹിച്ചു. യോഗത്തില്‍ അഡ്വ. പി എം സുരേഷ് ബാബു, അഡ്വ. എം രാജന്‍, അഡ്വ സൂര്യ നാരായണന്‍, കെ സുന്ദര്‍ ദാസ്, കെ.വി കുഞ്ഞഹമ്മദ്, അഡ്വ.പി.ജി അനൂപ് നാരായണന്‍, അലോക് സാബു, പി സക്കീര്‍, പി.വി നിധീഷ്, ചേംബര്‍ ജന. സെക്രട്ടറി എം.എ. മെഹബൂബ്, വൈസ് പ്രസിഡന്റ് നിത്യ നന്ദ് കാമ്മത്ത് എന്നിവര്‍ പ്രസംഗിച്ചു. പ്രതിഷേധ പരിപാടികളുടെ വിശദാംശങ്ങള്‍ അടുത്ത ദിവസം അറിയിക്കുമെന്ന് ഭാരവാഹികള്‍ പറഞ്ഞു.