കരാറുകാരൻ പിൻമാറുന്നു; കോരപ്പുഴയിൽ നിന്ന് ചളിയും മണലും നീക്കൽ വീണ്ടും പ്രതിസന്ധിയിൽ
കൊയിലാണ്ടി: കോരപ്പുഴ അഴിമുഖത്ത് നിന്ന് മണലും ചെളിയും നീക്കി പുഴയുടെ ആഴം വീണ്ടെടുക്കുന്ന പദ്ധതിയുടെ കരാർ ഉറപ്പിക്കാനില്ലെന്ന് ടെൻഡർ വിളിച്ച കമ്പനി. എറണാകുളം ആസ്ഥാനമായി പ്രവൃത്തിക്കുന്ന സതേൺ ഡ്രഡ്ജിങ് കമ്പനിയുടെ ഡയറക്ടർ ബോർഡാണ് തീരുമാനം കൈക്കൊണ്ടത്.
അനിശ്ചിതത്വത്തിലായ പദ്ധതിക്ക് ജീവൻവെപ്പിക്കാൻ മന്ത്രി എ.കെ. ശശീന്ദ്രനും കളക്ടർ സാംബശിവറാവുവും ശ്രമങ്ങൾ നടത്തുന്നതിനിടയിലാണ് കമ്പനി ഉപാധിവെച്ച് ടെൻഡർ ഉറപ്പിക്കാതെ പിൻവാങ്ങുന്നത്.
ചെളിയും മണലും സൂക്ഷിക്കാൻ ഭൂമി വിട്ടുനൽകുന്നതിനെക്കുറിച്ച് കരാർ വ്യവസ്ഥയിൽ സൂചിപ്പിക്കുന്നില്ലെന്ന് കാണിച്ച് നൽകിയ ഹരജിയിൽ ബന്ധപ്പെട്ട ഭൂമിയുടെ രേഖകൾ ഹാജരാക്കാൻ കോടതി ജലസേചനവകുപ്പിനോട് ആവശ്യപ്പെട്ടിരുന്നു. രേഖകൾ ഹാജരാക്കാത്ത സാഹചര്യത്തിലാണ് കമ്പനി പിൻവാങ്ങൽ തീരുമാനം കൈക്കൊണ്ടത്.
പ്രവൃത്തിയുടെ നടത്തിപ്പിനായി ഒമ്പത് ഹെക്ടർ സ്ഥലം കണ്ടെത്താൻ കളക്ടർ നേരത്തേ നിർദേശിച്ചിരുന്നു. കോരപ്പുഴ അഴിമുഖത്തോട് ചേർന്ന് ഒന്നര ഹെക്ടർ സ്ഥലം ഇതിനായി കണ്ടെത്തിയിരുന്നു. ശേഷിക്കുന്ന സ്ഥലത്തിന്റെ സർവേ പൂർത്തിയാക്കി രേഖകൾ കോടതിയിൽ ഹാജരാക്കണമെന്ന കളക്ടറുടെ സാന്നിധ്യത്തിൽ എടുത്ത തീരുമാനം ജലസേചനവകുപ്പ് ലംഘിച്ചതായി കമ്പനി ഡയറക്ടർ ബിജു നാരായണൻ പറഞ്ഞു. ഭൂമിയുണ്ടെന്ന് കാണിച്ചുള്ള അഫിഡവിറ്റ് മാത്രമാണ് ഡിപ്പാർട്ട്മെൻറ് കോടതിയിൽ നൽകിയത്.
പുഴയോരഭൂമി ആയതിനാൽ റിവർ മാനേജ്മെൻറ് അതോറിറ്റിയുടെയും തീരദേശ പരിപാലന അതോറിറ്റിയുടെയും അനുമതിപത്രവും വേണ്ടിവരും. ഇതിലൊന്നും വ്യക്തതവരുത്താതെ കരാർ ഉറപ്പിക്കില്ലെന്നും ഇതിനായി രണ്ടാഴ്ചകൂടി കാത്തിരിക്കുമെന്നും അനുകൂല നടപടിയുണ്ടായില്ലെങ്കിൽ കരാർ ഉറപ്പിക്കാതെ പിൻവാങ്ങുമെന്നും അദ്ദേഹം വ്യക്തമാക്കി.
കോരപ്പുഴ റെയിൽവേ പാലം മുതൽ അഴിമുഖം വരെ അടിഞ്ഞുകൂടിയ മണലും ചളിയും നീക്കി പുഴയുടെ ആഴം വീണ്ടെടുക്കാൻ 2017-ലാണ് നിർദിഷ്ട പദ്ധതി വന്നത്. 2019-ൽ ടെൻഡറായ പദ്ധതി അനിശ്ചിതമായി നീളുകയായിരുന്നു.