കയ്‌പ്പേറും മധുരം നുണഞ്ഞ് ഗാനഗന്ധര്‍വ്വന്‍ കെ.ജെ യേശുദാസ് എണ്‍പത്തി ഒന്നിന്റെ നിറവില്‍


കൊച്ചി: മലയാളത്തിന്റെ പ്രിയ ഗായകന്‍ കെ.ജെ യേശുദാസിന് ഇന്ന് 81ാം പിറന്നാള്‍. എല്ലാ വര്‍ഷവും തന്റെ ജന്മദിനത്തില്‍ കൊല്ലൂര്‍ മൂകമ്പിക ക്ഷേത്രത്തില്‍ നടത്തി വരുന്ന അഖണ്ഡ സംഗീതാര്‍ച്ചനയ്ക്ക് ഇത്തവണ യേശുദാസിന് എത്താന്‍ കഴിയില്ല. പകരം ഗാനഗന്ധര്‍വ്വന്റെ സംഗീത പാരായണം വെബ്കാസ്റ്റ് ചെയ്യും. ഇതിനായി ക്ഷേത്രത്തിലെ സരസ്വതി മണ്ഡപത്തില്‍ സജ്ജീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ട്. 48 വര്‍ഷമായി തുടര്‍ന്നു വരുന്ന പതിവ് ഈ വര്‍ഷം അദ്ദേഹത്തിന് നടത്താന്‍ കഴിഞ്ഞില്ല.

കോവിഡ് നിയന്ത്രണങ്ങള്‍ കാരണമാണ് ഗാനഗന്ധര്‍വന്‍ കെ.ജെ യേശുദാസിന് ഇത്തവണ തന്റെ പിറന്നാള്‍ ആഘോഷത്തിനായി കൊല്ലൂരില്‍ എത്താന്‍ സാധിക്കാതിരുന്നത്. എല്ലാ വര്‍ഷവും എന്ത് തിരക്കുകള്‍ ഉണ്ടെങ്കിലും അത് എല്ലാം ഒഴിവാക്കി ജനുവരി 10ന് തന്റെ പിറന്നാള്‍ ദിനത്തില്‍ ഗാനഗന്ധര്‍വ്വന്‍ കെ ജെ യേശുദാസ് കുടുംബസമേതം കൊല്ലൂര്‍ മൂകാംബിക ക്ഷേത്രസന്നിധിയില്‍ എത്തും. എന്നാല്‍ ഇത്തവണ കോവിഡ് മഹാമാരി കാരണം അമേരിക്കയിലെ ഡാളസില്‍ കുടുങ്ങിക്കിടക്കുകയാണ് അദ്ദേഹം.

കെ ജെ യേശുദാസിന് മൂകാംബിംക ദേവിയുടെ തിരുസന്നിധിയില്‍ എത്താന്‍ ആവില്ലെങ്കിലും ഇക്കുറിയും ജനുവരി 10ന് അദ്ദേഹത്തിന്റെ ഗന്ധര്‍വ്വ സംഗീതം ക്ഷേത്ര നടയിലെത്തും. വെബ്കാസ്റ്റ് വഴിയാണ് യേശുദാസിന്റെ സംഗീതാര്‍ച്ചന കൊല്ലൂര്‍ മൂകാംബിക ദേവിക്ക് മുന്നിലെത്തുക. ഇതിനായി ക്ഷേത്രത്തിലെ സരസ്വതി മണ്ഡപത്തില്‍ പ്രത്യേക സ്‌ക്രീന്‍ സൗകര്യമൊരുക്കിയിട്ടുണ്ട്.

പതിറ്റാണ്ടുകളായി തുടരുന്ന പതിവിനാണ് ഇത്തവണ മുടക്കം വന്നിരിക്കുന്നത്. കഴിഞ്ഞവര്‍ഷം എണ്‍പതാം പിറന്നാള്‍ ആഘോഷത്തിനായി ഭാര്യ പ്രഭയ്ക്കും മക്കളായ വിനോദ്, വിജയ്, വിശാല്‍ എന്നിവര്‍ക്കും ഒപ്പമാണ് യേശുദാസ് മൂകാംബിക ദേവിയുടെ സന്നിധിയില്‍ എത്തിയത്. സംഗീത സാഹിത്യ രംഗങ്ങളിലെ പ്രഗല്‍ഭരായ നിരവധി ആളുകള്‍ അന്ന് പിറന്നാള്‍ ആശംസകള്‍ നേരാനായി ക്ഷേത്രനഗരിയില്‍ എത്തിയിരുന്നു.

പ്രശസ്ത സംഗീതജ്ഞന്‍ കാഞ്ഞങ്ങാട് രാമചന്ദ്രന്റെ നേതൃത്വത്തില്‍ മൂകാംമ്പിക ക്ഷേത്രത്തില്‍ യേശുദാസ് സംഗീതോത്സവം ഇത്തവണയും നടക്കും. കഴിഞ്ഞ ഇരുപത് വര്‍ഷമായി തുടരുന്നതാണിത്. ഗാനഗന്ധര്‍വന്റെ സാന്നിധ്യമില്ലെങ്കിലും ഗാനാര്‍ച്ചനയും ചണ്ഡികാ ഹോമം അടക്കമുള്ള ചടങ്ങുകളും പതിവുപോലെ ഇത്തവണയും കൊല്ലൂരില്‍ നടക്കും. കാലത്ത് 6 മുതല്‍ വൈകുന്നേരം 6 വരെയാണ് യേശുദാസ് സംഗീതോത്സവം നടക്കുക.

കൊയിലാണ്ടി ന്യൂസിന്റെ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ക്ലിക്ക് ചെയ്യൂ..