കയ്യിലൊരു ക്യാമറയുണ്ടോ? എങ്കിൽ പി.ആർ.ഡി ഫോട്ടോഗ്രാഫര്‍മാരുടെ പാനലിലേക്ക് ഇപ്പോൾ അപേക്ഷിക്കാം


കോഴിക്കോട്: ജില്ലയിലെ സര്‍ക്കാര്‍ പരിപാടികളുടെ ഫോട്ടോ കവറേജ് നടത്തുന്നതിനായി ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്ന ഫോട്ടോഗ്രാഫര്‍മാരുടെ പാനലിലേക്ക് അപേക്ഷ ക്ഷണിച്ചു. ജില്ലയുടെ വിവിധ ഭാഗങ്ങളിലായാണ് നിയമനം.

ഡിജിറ്റല്‍ എസ്. എല്‍. ആര്‍/മിറര്‍ലെസ് ക്യാമറകള്‍ ഉപയോഗിച്ച് ഹൈ റെസല്യൂഷന്‍ ചിത്രങ്ങള്‍ എടുക്കാന്‍ കഴിവുള്ളവരായിരിക്കണം. വൈഫൈ സംവിധാനമുള്ള ക്യാമറ ഉള്ളവര്‍ക്ക് മുന്‍ഗണന ഉണ്ടായിരിക്കും. (ഇവ അഭിമുഖ സമയത്ത് ഹാജരാക്കണം). പി.ആര്‍.ഡിയിലോ പത്രസ്ഥാപനങ്ങളിലോ ഫോട്ടോഗ്രാഫര്‍മാരായി സേവനം ചെയ്തവര്‍ക്ക് മുന്‍ഗണന ലഭിക്കും.

ചുമതലപ്പെടുത്തുന്ന വര്‍ക്കിന്റെ അടിസ്ഥാനത്തിലാണ് പ്രതിഫലം. ഒരു ദിവസം ഫോട്ടോ കവറേജ് നടത്തുന്ന ആദ്യ പരിപാടിക്ക് 700 രൂപയും തുടര്‍ന്നെടുക്കുന്ന പരിപാടികള്‍ക്ക് 500 രൂപ വീതവും ലഭിക്കും. ഒരാള്‍ക്ക് പരമാവധി ഒരു ദിവസം 1700 രൂപയാണ് ലഭിക്കുക. പാനലിന്റെ കാലാവധി 2023 മാര്‍ച്ച് 31 വരെയാണ്.

താത്പര്യമുള്ളവര്‍ ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത, തിരിച്ചറിയല്‍ രേഖ, പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ പകര്‍പ്പുകള്‍ സഹിതം ഒക്ടോബര്‍ 31 നകം ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ്, സിവില്‍ സ്റ്റേഷന്‍, കോഴിക്കോട്, 673020 എന്ന വിലാസത്തില്‍ അയക്കണം. കവറിന് പുറത്ത് കരാര്‍ ഫോട്ടോ ഗ്രാഫര്‍ അപേക്ഷ 2021 എന്ന് രേഖപ്പെടുത്തണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0495-2370225.


പേരാമ്പ്ര ന്യൂസ് ഡോട് കോമിന്റെ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാനായി ഇവിടെ ക്ലിക്ക് ചെയ്യുക.