‘കമ്യൂണിസ്റ്റുകാരിയാണ്, ആര്‍ഭാടങ്ങളോട് ചെറുപ്പം മുതലേ താല്‍പ്പര്യമില്ല’; ലളിതമായ വിവാഹത്തിലൂടെ മാതൃകയായ ചേമഞ്ചേരിക്കാരി അശ്വതി പേരാമ്പ്ര ന്യൂസിനോട് സംസാരിച്ചപ്പോള്‍


കൊയിലാണ്ടി: സ്ത്രീധനവും അതിനെതുടര്‍ന്നുള്ള പീഡനങ്ങളും മരണങ്ങളും വര്‍ധിച്ച് വരുന്ന കാലത്താണ് നാം ജീവിക്കുന്നത്. ഇതിന്റെ ഭാഗമായി സ്വര്‍ണ്ണം കൊണ്ട് മൂടിയ വിവാഹങ്ങള്‍ നമ്മുടെ നാട്ടില്‍ സാധാരണ കാഴ്ചയാണ്. ഒപ്പം ധൂര്‍ത്തിന്റെ പ്രതീകമെന്നോണമുള്ള ആര്‍ഭാടവിവാഹങ്ങളും നമ്മുടെ നാട്ടില്‍ ഒട്ടും കുറവല്ല.

എന്നാല്‍ ഈ വ്യവസ്ഥിതിക്ക് മാറ്റം വരണമെന്ന് ആഗ്രഹിക്കുന്ന വലിയൊരു വിഭാഗവും നമ്മുടെ നാട്ടിലുണ്ട്. മനസുകള്‍ തമ്മില്‍ പൊരുത്തമുള്ള രണ്ട് വ്യക്തികള്‍ക്ക് ഒന്നിച്ചൊരു ജീവിതം തുടങ്ങാന്‍ നൂറുകണക്കിന് പവന്റെ ആഭരണങ്ങളോ അത്യാര്‍ഭാടമോ ഒന്നും വേണ്ട എന്ന് ചിന്തിക്കുന്നവര്‍ നിരവധിയാണ്.

അത്തരത്തില്‍ സമൂഹം കല്‍പ്പിച്ച കീഴ്‌വഴക്കങ്ങളെ പാടെ ലംഘിച്ചാണ് ചേമഞ്ചേരി സ്വദേശിനി അശ്വതി കഴിഞ്ഞ ദിവസം വിവാഹിതയായത്. പൂക്കാട് സൂര്യയില്‍ ഉണ്ണികൃഷ്ണന്‍ മാസ്റ്ററുടെയും ചാലാടത്ത് സജിതയുടെയും മകളാണ് അശ്വതി. മാനന്തവാടി സ്വദേശി സുമിത്രന്റെയും ഗീതയുടെയും മകനായ ഡോ. അദ്വൈതാണ് അശ്വതിയുടെ ജീവിതപങ്കാളി.

വളരെ ലളിതമായി വധൂഗൃഹത്തില്‍ വച്ചായിരുന്നു ഇരുവരുടെയും വിവാഹം. അടുത്ത ബന്ധുക്കളടക്കം ഇരുപത്തിയഞ്ചോളം പേര്‍ മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്.

യുവത്വത്തിന് മാതൃകയായ അശ്വതി പേരാമ്പ്ര ന്യൂസ് ഡോട് കോമിനോട് സംസാരിക്കുകയാണ്. അശ്വതിയുടെ വാക്കുകളിലേക്ക്.

കമ്യൂണിസ്റ്റുകാരി, അവിശ്വാസി

ഞാനൊരു കമ്യൂണിസ്റ്റുകാരിയാണ്. ഭക്തിയും ദൈവവിശ്വാസവുമൊന്നുമില്ലാതെ മനുഷ്യനായാണ് വളര്‍ന്നത്. ഇക്കാരണങ്ങളാല്‍ തന്നെയാകും, ചെറുപ്പം മുതലേ ആഭരണങ്ങള്‍ ധരിക്കുന്നതിനോടോ ആര്‍ഭാടങ്ങളോടോ ഒന്നും താല്‍പ്പര്യമില്ല. എന്റെ വിവാഹം ഇതിനെക്കാള്‍ ലളിതമാക്കാമായിരുന്നു എന്നാണ് എന്റെ തോന്നല്‍.

താലി വേണ്ട, ഇരുവരും തുല്യരാണ്

കല്യാണം കഴിഞ്ഞ് പെണ്‍കുട്ടികള്‍ താലി അണിഞ്ഞ് നടക്കുന്നതിനോടും എനിക്ക് യോജിപ്പില്ല. ഒന്നിച്ചുള്ള ജീവിതത്തില്‍ ഇരുവര്‍ക്കും തുല്യസ്ഥാനമാണ്. അതില്‍ ഒരാള്‍ക്ക് മാത്രം എന്തിനാണ് താലി? വിവാഹിതരായ പെൺകുട്ടികൾ നെറ്റിയിൽ കുങ്കുമമണിഞ്ഞ് നടക്കുന്നതിനോടും എനിക്ക് വിയോജിപ്പാണ്. വിവാഹശേഷം പെണ്‍കുട്ടി ഭര്‍ത്താവിന്റെ വീട്ടിലേക്ക് താമസം മാറുന്ന രീതി അസമത്വത്തിന്റെ ഏറ്റവും വലിയ ഉദാഹരണമാണ്. വിവാഹം എന്നാല്‍ ഒരാളുടെ മാത്രം കാര്യമല്ല. അവിടെ രണ്ട് പേരും തുല്യരാണ്.

ഒന്നിച്ചൊരു ജീവിതം തുടങ്ങാന്‍ എന്തിനാണ് ഇത്ര സ്വര്‍ണ്ണം?

രണ്ടുപേര്‍ ചേര്‍ന്നൊരു ജീവിതം തുടങ്ങുമ്പോള്‍ അതിലൊരാള്‍ എന്തിനാണ് ദേഹം നിറയെ സ്വര്‍ണ്ണാഭരണങ്ങള്‍ ധരിക്കുന്നത്? ഇത്രയും സ്വര്‍ണ്ണം ധരിക്കുന്നത് വെറുതെയാണ്. ജീവിതത്തിലൊരിക്കലേ അവര്‍ ഇങ്ങനെ ആഭരണങ്ങള്‍ ധരിക്കൂ. പിന്നീടൊരിക്കലും പെണ്‍കുട്ടികള്‍ ഈ ആഭരണങ്ങള്‍ ധരിക്കില്ല.

ഈ ആഭരണങ്ങള്‍ക്കും ആര്‍ഭാടത്തിനുമായി മാതാപിതാക്കള്‍ ധൂര്‍ത്തടിക്കുന്ന തുക പെണ്‍കുട്ടിക്ക് അവളുടെ ആവശ്യങ്ങള്‍ക്കായി നല്‍കുകയോ അവളുടെ പേരില്‍ സ്ഥിരനിക്ഷേപമായി ഇടുകയോ ചെയ്യുന്നതാണ് കൂടുതല്‍ നല്ലത്.

ജീവിതപങ്കാളിയെ കുറിച്ച്

എട്ട് വര്‍ഷം നീണ്ട പ്രണയത്തിനൊടുവിലാണ് വിവാഹം. മീഞ്ചന്ത ആര്‍ട്‌സ് കോളേജില്‍ പഠിക്കുമ്പോഴാണ് പ്രണയം തുടങ്ങുന്നത്. അദ്വൈതിനും എന്നെ പോലെ തന്നെ സ്വര്‍ണ്ണത്തോടും മറ്റ് ആര്‍ഭാടങ്ങളോടും താല്‍പ്പര്യമില്ല. ഈ സമാനമനസ്‌കതയാണ് ഞങ്ങളെ പരസ്പരം അടുപ്പിച്ചത്.

ഞങ്ങളുടെ നിലപാടുകള്‍ ഞങ്ങളുടെ ജീവിതത്തിലും കാത്തുസൂക്ഷിക്കണമെന്നാണ് തീരുമാനിച്ചിട്ടുള്ളത്. അതിനാല്‍ തന്നെ പഠനവും ജോലിയും വീട്ടിലെ ജോലികളുമെല്ലാം ഞങ്ങള്‍ തുല്യമായി ചെയ്യും.

വിവാഹം കഴിഞ്ഞെങ്കിലും ഇതുവരെ രജിസ്റ്റര്‍ ചെയ്തിട്ടില്ല. സ്‌പെഷ്യല്‍ മാര്യേജ് ആക്റ്റ് പ്രകാരം അടുത്ത ദിവസം തന്നെ വിവാഹം രജിസ്റ്റര്‍ ചെയ്യാനാണ് ഞങ്ങളുടെ തീരുമാനം.