കന്നുകാലികൾക്ക് വൈറസ് രോഗം,​ ക്ഷീര കർഷകർ കടുത്ത ആശങ്കയിൽ


കുറ്റ്യാടി: വേളം പഞ്ചായത്തിൽ കന്നുകാലികൾക്ക് വൈറസ് രോഗം പടർന്നതോടെ ക്ഷീര കർഷകർ വല്ലാത്ത ആശങ്കയിൽ. ‘ലുംബി സ്‌കിൻ ഡിസീസ് ” പിടിപെട്ട പശുക്കൾക്ക് പനിയ്ക്ക് പുറമെ ദേഹത്ത് കുമിളകൾ പൊന്തിവരുന്നതാണ് പ്രധാന ലക്ഷണം. പഞ്ചായത്തിലെ 1, 2, 13, 14 വാർഡുകളിൽ രോഗം വ്യാപിച്ചിട്ടുണ്ട്.

പെരുവയൽ, പൂളക്കൂൽ ഭാഗങ്ങളിൽ ഇരുപത് ശതമാനത്തോളം പശുക്കൾക്ക് രോഗലക്ഷണം പ്രത്യക്ഷപ്പെട്ടു കഴിഞ്ഞു. വേളത്ത് വെറ്ററിനറി ഡോക്ടറില്ലെന്നതിനു പുറമെ മൃഗാശുപത്രിയിൽ ആവശ്യത്തിന് മരുന്നില്ലെന്നതും കർഷകരെ ഏറെ പ്രയാസത്തിലാക്കുകയാണ്. ഒരാഴ്ചത്തേയ്ക്ക് ഏതാണ്ട് ആയിരം രൂപയെങ്കിലും മരുന്നിന് വേണ്ടിവരുന്നുണ്ടെന്ന് കർഷകർ പറയുന്നു.

വേളം പഞ്ചായത്തിൽ പശുവളർത്തൽ മുഖ്യഉപജീവനമാർഗമായി അറുന്നൂറിലധികം ക്ഷീരകർഷകരുണ്ട്. കന്നുകാലികൾക്ക് വൈറസ് രോഗം പടർന്നു പിടിക്കുമ്പോഴും വേളത്ത് വെറ്ററിനറി ഡോക്ടറുടെ സാന്നിദ്ധ്യം ഉറപ്പാക്കാത്തത് പരക്കെ പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്. ഇതുവരെ രോഗബാധ തടയാൻ പ്രതിരോധ മരുന്ന് ലഭ്യമാക്കാൻ ഒരു നീക്കവുമുണ്ടായിട്ടില്ലെന്നാണ് ആക്ഷേപം.

പലയിടത്തും രോഗബാധ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ പഞ്ചായത്ത് പ്രസിഡന്റ് നയീമ കുളമുള്ളതിൽ, വൈസ് പ്രസിഡന്റ് കെ. സി. ബാബു, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ വി.പി സുധാകരന്‍, ബിന്ദു പുറന്തൂട്ടയില്‍, സുമ മലയില്‍ തുടങ്ങിയവര്‍ ക്ഷീരകര്‍ഷകരുടെ വീടുകള്‍ സന്ദര്‍ശിച്ചിരുന്നു.


കൊയിലാണ്ടി ന്യൂസിൽ നിന്നുള്ള വാർത്തകൾ മുടങ്ങാതെ വാട്ട്സ്ആപ്പിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക