കന്നാട്ടിയിലെ വഴിയരികില്‍ ചാക്കില്‍ കെട്ടിയ നിലയില്‍ മാലിന്യം ഉപേക്ഷച്ചതായി പരാതി; കര്‍ശന നടപടിവേണമെന്ന് നാട്ടുകാര്‍


പേരാമ്പ്ര: വീടിന് മുമ്പില്‍ ചാക്കില്‍ കെട്ടിയ നിലയില്‍ മാലിന്യം ഉപേക്ഷിച്ചതായി പരാതി. വടക്കുമ്പാട് കന്നാട്ടി റോഡില്‍ കന്നാട്ടി ജെങ്ഷന് സമീപം റിട്ടയേര്‍ഡ് മിലിട്ടറി ജീവനക്കാരന്‍ തേക്കുള്ള പറമ്പില്‍ ഉദയന്റെ വീടിന്റെ മുന്‍പിലെ വഴിയരികിലാണ് കഴിഞ്ഞ ദിവസം മാലിന്യം നിക്ഷേപിച്ചത്.

പ്ലാസ്റ്റിക് കവറുകളും, ഷേവിങ് സെറ്റ്, പഴയ പ്ലാസ്റ്റിക്ക് ബോട്ടിലുകള്‍, മറ്റു പാഴ് വസ്തുക്കള്‍ എന്നിവയാണ് ചാക്കില്‍ കെട്ടിയ നിലയില്‍ വഴിയിലുപേക്ഷിച്ചത്. ചാക്ക് തുറന്ന് നടത്തിയ പരിശോധനയില്‍ ഫ്‌ലിപ്പ് കാര്‍ട്ടില്‍ ഓര്‍ഡര്‍ ചെയ്ത വസ്തുവിന്റെ കവര്‍ ലഭിച്ചിരുന്നു. ഇതില്‍ രേഖപ്പെടുത്തിയിരിക്കുന്ന അഡ്രസ് കടിയങ്ങാട് സ്വദേശിയുടേതാണ്.

ചാക്ക് നിക്ഷേപിച്ചത് രാത്രിയായതിനാല്‍ ആരാണ് ഇത് ചെയ്തതെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. ചാക്കില്‍ നിന്ന് ലഭിച്ച ഫ്‌ലിപ്പ് കാര്‍ട്ട് കവര്‍ ഉള്‍പ്പെടെ പഞ്ചായത്ത് മെമ്പര്‍ എന്‍.പി സത്യവതിക്ക് നാട്ടുകാര്‍ പരാതി നല്‍കി. കന്നാട്ടി വയലിലും ഇത്തരത്തില്‍ മാലിന്യം നിക്ഷേപിക്കുന്നതിനെതിരെ നാട്ടുകാര്‍ പഞ്ചായത്തില്‍ പരാതി നല്‍കിയിരുന്നു. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണെമെന്നാണ് നാട്ടുകാരുടെ ആവശ്യം.