കന്നഡയിലെ സൂപ്പര്‍താരം പുനീത് രാജ്കുമാര്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ചു; ആശുപത്രിക്ക് പുറത്ത് പൊട്ടിക്കരഞ്ഞ് ആരാധകര്‍ (വീഡിയോ)
ബെംഗളൂരു: കന്നഡയിലെ സൂപ്പര്‍ താരം ‘പവര്‍ സ്റ്റാര്‍’ എന്ന് അറിയപ്പെടുന്ന പുനീത് രാജ്കുമാര്‍ അന്തരിച്ചു. നാല്‍പ്പത്തിയാറ് വയസായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് വെള്ളിയാഴ്ച രാവിലെ ബെംഗളൂരുവിലെ വിക്രം ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഉച്ചയ്ക്ക് രണ്ട് മണിയോടെയായിരുന്നു അദ്ദേഹത്തിന്റെ മരണം.
ജിംനേഷ്യത്തില്‍ വ്യായാമം ചെയ്യുന്നതിനിടെയായിരുന്നു അദ്ദേഹത്തിന് ഹൃദയാഘാതം ഉണ്ടായത്. തുടര്‍ന്ന് ഉടന്‍ ആശുപത്രിയിലെത്തിക്കുകയായിരുന്നു. കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് എസ്. ബൊമ്മെ ഉള്‍പ്പെടെ ആശുപത്രിയിലെത്തിയിരുന്നു.
കന്നഡ സിനിമയിലെ എക്കാലത്തെയും വലിയ താരം രാജ്കുമാറിന്റെ മകനായ പുനീത് മോഹന്‍ലാലിനൊപ്പം ‘മൈത്രി’ എന്ന ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്. മുപ്പതോളം സിനിമകളില്‍ അഭിനിയിച്ചിട്ടുണ്ട്. പവര്‍ സ്റ്റാര്‍ എന്ന് ആരാധകര്‍ വിളിക്കുന്ന പുനീതിന് 1985 ല്‍ മികച്ച ബാലതാരത്തിനുള്ള ദേശീയ ചലച്ചിത്ര പുരസ്‌കാരം ലഭിച്ചു. സഹോദരന്‍ ശിവരാജ് കുമാറും കന്നഡ സിനിമയിലെ സൂപ്പര്‍ താരമാണ്. നിര്‍മാതാവ്, ഗായകന്‍, അവതാരകന്‍ എന്നീ നിലകളിലും പേരെടുത്തിരുന്നു. അമ്മ പാര്‍വതമ്മ. ഭാര്യ: അശ്വിനി രേവന്ത്. മക്കള്‍: ധൃതി, വന്ദിത.
രാജ്കുമാറിന്റെയും പാര്‍വതമ്മയുടെയും അഞ്ചാമത്തെ കുട്ടിയായി 1975ല്‍ ചെന്നൈയിലാണ് ജനനം. ആറുമാസം പ്രായമുള്ളപ്പോള്‍ പ്രേമദ കനികേ എന്ന സിനിമയിലൂടെ സ്‌ക്രീനിലെത്തിയിരുന്നു. ലോഹിത് എന്ന പേര് സിനിമയിലെത്തിയതോടെയാണ് പുനീത് എന്നു മാറ്റിയത്. ആറു വയസ്സുള്ളപ്പോള്‍ കുടുംബത്തോടൊപ്പം മൈസൂരുവിലേക്കു താമസം മാറ്റി. രാജ്കുമാറിനൊപ്പം കുട്ടിക്കാലം മുതല്‍ സിനിമാ സെറ്റുകളില്‍ പോകുമായിരുന്നു.
ബാലതാരമായി നിരവധി സിനിമകളില്‍ അഭിനയിച്ചു. ‘ബേട്ടഡ് ഹൂവു’ എന്ന ചിത്രത്തിലെ അഭിനയത്തിനാണ് 1985 ല്‍ മികച്ച ബാലതാരത്തിനുള്ള ദേശീയ പുരസ്‌കാരം ലഭിച്ചത്. ചലിസുക മൊദഗാലു, ഈറാഡു നക്ഷത്രഗളു എന്നീ ചിത്രങ്ങള്‍ക്ക് മികച്ച ബാലതാരത്തിനുള്ള സംസ്ഥാന പുരസ്‌കാരം രണ്ടുവട്ടം ലഭിച്ചിട്ടുണ്ട്.
2002 ല്‍ അപ്പു എന്ന ചിത്രത്തിലൂടെയാണ് നായകനായി അരങ്ങേറ്റം. അപ്പു എന്നത് പിന്നീട് പുനീതിന്റെ വിളിപ്പേരായി. അഭി, വീര കന്നഡിഗ. റാം, അന്‍ജാനി പുത്ര, പവര്‍, മൗര്യ, അരസു, വംശി, പൃഥ്വി, ജാക്കി, രാജകുമാര, രണവിക്രമ, നടസാര്‍വഭൗമ തുടങ്ങിയവയാണ് പ്രധാന ചിത്രങ്ങള്‍. കോന്‍ ബനേഗാ ക്രോര്‍പതിയുടെ കന്നഡ പതിപ്പായ കന്നഡദ കോട്യധിപതി എന്ന ടി.വി ഷോ അവതരിപ്പിച്ചിട്ടുണ്ട്.