കനിവ് 108 ആംബുലൻസിൽ കോവിഡ് ബാധിതയ്ക്ക് സുഖപ്രസവം


പെരിന്തൽമണ്ണ: ആംബുലൻസ് മാത്രം പോരായിരുന്നു. പ്രസവപരിചരണം അറിയുന്നയാളും കൂടെനിൽക്കുന്ന ഡ്രൈവറുമുണ്ടായത് ആശുപത്രിയിലേക്കുള്ള വഴിയിൽ യുവതിയും കുഞ്ഞുമടക്കം രണ്ട് ജീവനുകൾക്ക് തുണയായി. കനിവ് 108 ആംബുലൻസിൽ തമിഴ്‌നാട് സേലം സ്വദേശിനിയായ 26-കാരി പെൺകുഞ്ഞിന് ജന്മം നൽകി.

ഞായറാഴ്ച രാവിലെ എട്ടരയോടെയാണ് സംഭവം. പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ച ഗർഭിണിയുടെ കോവിഡ് പരിശോധനയിൽ രോഗബാധയുണ്ടെന്ന് കണ്ടെത്തി. ഉടനെ യുവതിയെ വിദഗ്ധചികിത്സയ്ക്ക് മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കു മാറ്റാൻ ആശുപത്രി അധികൃതർ കനിവ് 108 ആംബുലൻസിന്റെ സഹായം തേടി.

കൺട്രോൾ റൂമിൽ നിന്നുള്ള സന്ദേശത്തിന്റെ അടിസ്ഥാനത്തിൽ എമർജൻസി മെഡിക്കൽ ടെക്‌നീഷ്യൻ ആർ.വിനീതും ഡ്രൈവർ സി.പി.മനു മോഹനും ഏലംകുളത്തെ 108 ആംബുലൻസുമായി പെരിന്തൽമണ്ണയിലെത്തി. യുവതിയുമായി മഞ്ചേരിയിലേക്ക് പോയി.

മങ്കടയിലെത്തിയപ്പോൾ യുവതിക്ക് പ്രസവവേദന അനുഭവപ്പെടുകയും ആരോഗ്യസ്ഥിതി കൂടുതൽ വഷളാവുകയും ചെയ്തു. ടെക്‌നീഷ്യൻ വിനീത് പരിശോധിച്ചപ്പോൾ പ്രസവമെടുക്കുകയല്ലാതെ മാർഗമില്ലെന്ന് മനസ്സിലായി. തുടർന്ന് പ്രസവത്തിനായുള്ള സജ്ജീകരണങ്ങൾ ഒരുക്കി. വിനീതിന്റെ പരിചരണത്തിൽ ഒൻപതോടെ യുവതി പെൺകുഞ്ഞിന് ആംബുലൻസിൽ ജന്മം നൽകി. പ്രഥമശുശ്രൂഷ നൽകിഉടനെ ഇരുവരെയും മഞ്ചേരി മെഡിക്കൽ കോളേജിലെത്തിച്ചു.

സംസ്ഥാനത്ത് കനിവ് ആംബുലൻസിൽ നടക്കുന്ന കോവിഡ് ബാധിതയായവരുടെ മൂന്നാമത്തെ പ്രസവമാണിത്. കാസർകോടും മലപ്പുറത്തും ഇത്തരത്തിൽ പ്രസവം നടന്നിരുന്നു. തക്കസമയത്ത് ഇടപെട്ട് വിദഗ്ധ ചികിത്സ നൽകി അമ്മയെയും കുഞ്ഞിനെയും രക്ഷിച്ച ആംബുലൻസിലെ ജീവനക്കാരെ ആരോഗ്യമന്ത്രി കെ.കെ. ശൈലജ അഭിനന്ദിച്ചു.