കനിവ് കാത്ത് ഒരു കുരുന്ന് കൂടി; ആറ് മാസം പ്രായമുള്ള ഇമ്രാന് വേണ്ടതും 18കോടിയുടെ മരുന്ന്, കൈകോർക്കാം
മലപ്പുറം: കേരളത്തിന്റെ കനിവ് കാത്ത് ഒരു കുരുന്നു കൂടിയുണ്ട്. മലപ്പുറം പെരിന്തൽമണ്ണ സ്വദേശി ആരിഫിന്റെ മകൻ ഇമ്രാനാണ് കനിവ് തേടുന്നത്. കണ്ണൂർ മാട്ടൂലിലെ മുഹമ്മദിനെ പോലെ സ്പൈനൽ മസ്കുലർ അട്രോഫി ബാധിതനായ ഇമ്രാനും ഒരു ഡോസ് മരുന്നിന് വേണ്ടത് 18 കോടി രൂപയാണ്.
ആറു മാസമാണ് ഇമ്രാന്റെ പ്രായം. കഴിഞ്ഞ മൂന്നു മാസമായി വേദന തിന്ന് കോഴിക്കോട് മാതൃ ശിശു സംരക്ഷണ കേന്ദ്രത്തിൽ ഒന്ന് ഇളകാൻ പോലുമാകാതെ വെന്റിലേറ്ററിലാണ് ഇമ്രാന്റെ ജീവിതം. ലോകത്തിലെ ഏറ്റവും വിലകൂടിയ ജീവൻരക്ഷാ മരുന്നായ 18 കോടി രൂപയുടെ മരുന്ന് തന്നെയാണ് ഇമ്രാനും വേണ്ടത്. രോഗം സങ്കീർണമാകുന്നത് ഇമ്രാന്റെ മരണത്തിലേക്കോ, ചലനശേഷി നഷ്ടപ്പെടുന്നതിലേക്കോ നയിക്കും. ഒന്ന് കരയാൻ പോലുമാകാതെ ഓരോ ആളുകളിലും പ്രതീക്ഷയർപ്പിച്ച് കഴിയുകയാണ് ഇമ്രാന്റെ കുടുംബം. കണ്ണൂരിലെ മുഹമ്മദിനെ പോലെ ഇമ്രാനെയും നമ്മൾ ചേർത്ത് പിടിക്കുമെന്ന പ്രതീക്ഷയോടെ.