കനത്ത മഴ: പേരാമ്പ്രയില്‍ മണ്ണിടിഞ്ഞ് വീണ് വീട് തകര്‍ന്നു; ഒഴിവായത് വന്‍ ദുരന്തം


പേരാമ്പ്ര: കനത്ത മഴയെ തുടര്‍ന്ന് പേരാമ്പ്രയില്‍ മണ്ണിടിഞ്ഞ് വീണ് വീട് തകര്‍ന്നു. പൈതോത്ത് റോഡില്‍ മൊയോത്ത് ചാലില്‍ ലക്ഷ്മി അമ്മയുടെ വീടാണ് മണ്ണിടിഞ്ഞ് തകര്‍ന്നത്.

ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെയാണ് സംഭവം. ഈ സമയത്ത് വീട്ടില്‍ ആരും ഇല്ലാതിരുന്നതിനാല്‍ വന്‍ ദുരന്തം ഒഴിവായി. മൊയോത്ത് ചാലില്‍ പ്രകാശന്റെ വീട്ടുമുറ്റത്ത് ഉണ്ടായിരുന്ന കോണ്‍ക്രീറ്റ് നിര്‍മ്മിത പട്ടിക്കൂട് മണ്ണിടിച്ചിലില്‍ ലക്ഷ്മി അമ്മയുടെ വീടിന് മുകളിലേക്ക് പതിക്കുകയായിരുന്നു.

പട്ടിക്കൂടിന്റെ കോണ്‍ക്രീറ്റ് കാലുകളും ഗ്രില്ലുകളും മണ്ണുകൂടിയാണ് വീടിന് മുകളിലേക്ക് പതിച്ചത്. ഇതിന്റെ ആഘാതത്തില്‍ വീടിന്റെ മേല്‍ക്കൂര ഇളകി മുന്നോട്ട് നീങ്ങുകയും അടുക്കളയുടെ മേല്‍ക്കൂര പൂര്‍ണ്ണമായും തകരുകയും ചെയ്തു. ഈ സമയം പട്ടിക്കൂടിന്റെ കോണ്‍ക്രീറ്റ് മേല്‍ക്കൂര വീടിന്റെ സമീപത്തെത്തി നിന്നതിനാല്‍ വീട് പൂര്‍ണ്ണമായും തകരാതെ ബാക്കിയായി.

കൂട്ടിലുണ്ടായിരുന്ന പട്ടി പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. ഗ്രാമപഞ്ചായത്ത് അംഗം എം.കെ. ഷൈനിയുടെ നേതൃത്വത്തില്‍ നാട്ടുകാര്‍ ചേര്‍ന്ന് തകര്‍ന്ന വീട് താല്‍ക്കാലികമായി ടാര്‍പോളിന്‍ ഉപയോഗിച്ച് മൂടിയിരിക്കുകയാണ്. അഞ്ച് ലക്ഷത്തോളം രൂപയുടെ നഷ്ടം കണക്കാക്കുന്നതായി വീട്ടുകാര്‍ പറഞ്ഞു.