കനത്ത മഴ ചതിച്ചു; മഹാരാഷ്ട്രയില്‍ നിന്ന് സൈക്കിളില്‍ കേരളം കാണാനെത്തിയ രണ്ട് കര്‍ഷകര്‍ വടകരയില്‍ യാത്ര മതിയാക്കി; മടക്കം നിരാശയോടെ
വടകര: മഹാരാഷ്ട്രയില്‍ നിന്ന് ദൈവത്തിന്റെ സ്വന്തം നാടായ കേരളം കാണാന്‍ സൈക്കിളിലെത്തിയ രണ്ട് കര്‍ഷകര്‍ നിരാശയോടെ മടങ്ങി. സംസ്ഥാനത്തെ കനത്ത മഴ ഇവരുടെ യാത്രയ്ക്ക് വില്ലനായതോടെ ഇരുവരും വടകരയില്‍ വച്ച് യാത്ര മതിയാക്കി നിരാശയോടെ സ്വന്തം നാട്ടിലേക്ക് മടങ്ങി.
മഹാരാഷ്ട്രയിലെ നാസിക് സ്വദേശികളാണ് ഇരുവരും. സുകേന ഗ്രാമത്തില്‍ നിന്നുള്ള ബാല സാഹിബ് ജാദവ് (71), സമീപമുള്ള വടാലി നാജിക് ഗ്രാമത്തിലെ മോത്തിറാം പാട്ടീല്‍ (63) എന്നിവരാണ് സൈക്കിള്‍ ചവിട്ടി വടകര വരെ എത്തിയത്. എന്നാല്‍ പ്രതികൂലമായ കാലാവസ്ഥയില്‍ യാത്ര ദുര്‍ഘടമാണെന്ന് തിരിച്ചറിഞ്ഞതോടെ ഇവര്‍ തിരികെ പോകുകയായിരുന്നു.
കഴിഞ്ഞ ദിവസം രാത്രിയാണ് ഇരുവരും വടകരയില്‍ എത്തിയത്. മഴയും ഉരുള്‍പ്പൊട്ടലും ഉണ്ടായതായി അറിഞ്ഞതോടെ രാത്രി ലോഡ്ജില്‍ തങ്ങിയ ഇരുവരും ഇന്നലെ വൈകിട്ട് നിസാമുദ്ദീന്‍ മംഗള എക്‌സ്പ്രസില്‍ നാസിക്കിലേക്കു തിരിച്ചു. രണ്ടാഴ്ച മുന്‍പാണ്, മുന്തിരി കര്‍ഷകരായ ഇരുവരും നാസിക്കില്‍ നിന്ന് സൈക്കിളില്‍ യാത്ര തുടങ്ങിയത്. ലഹരി വിരുദ്ധ ബോധവല്‍ക്കരണത്തോടൊപ്പം ആരോഗ്യ സംരക്ഷണത്തിന് സൈക്കിള്‍ യാത്രയുടെ പ്രധാന്യം ആളുകളെ മനസ്സിലാക്കുക കൂടിയായിരുന്നു യാത്രയുടെ ഉദ്ദേശം.
സൈക്കിളില്‍ എത്തിയ സഞ്ചാരികളെ സഹായിക്കാന്‍ കൗച്ച് സര്‍ഫിങ് ഗ്രൂപ്പ് തയാറായി. ഗ്രൂപ്പിലെ അംഗവും കാലിക്കറ്റ് സര്‍വകലാശാലയില്‍ നിന്നു ജോയിന്റ് പരീക്ഷ കണ്‍ട്രോളറായി വിരമിച്ച എം.കെ. പ്രമോദ്, സര്‍വകലാശാല മുന്‍ ജീവനക്കാരായ കെ.കെ. ശശി മടപ്പള്ളി, രാമകൃഷ്ണന്‍ ഫറോക്ക് എന്നിവര്‍ സഹായത്തിനെത്തി. സൈക്കിള്‍ തീവണ്ടിയില്‍ പാര്‍സലായി നാട്ടിലേക്ക് അയച്ചു.