കടല്‍ക്ഷോഭം; നിരവധി ബോട്ടുകള്‍ തകര്‍ന്നു, ഏഴുകുടിക്കലും തൂവ്വപ്പാറയിലും സ്ഥിതി രൂക്ഷം; വടക്കന്‍ കേരളത്തില്‍ വ്യാപകനാശനഷ്ടം


കൊയിലാണ്ടി: കനത്തമഴയും കടലാക്രമണവും ന്യൂനമര്‍ദവും തോണികള്‍ക്കും ബോട്ടുകള്‍ക്കും വലിയ രീതിയില്‍ കേടുപാടുകളുണ്ടാക്കിയെന്ന് റിപ്പോര്‍ട്ട്. അഴിയൂരില്‍ ഹാര്‍ബറിന് സമീപത്ത് ക വെച്ചിരുന്ന 10 തോണികളാണ് കടല്‍ ക്ഷോഭത്തില്‍ തകര്‍ന്നത്. മത്സ്യത്തൊഴിലാളികളും നാട്ടുകാരും ചേര്‍ന്ന് ജെ.സി.ബി ഉപയോഗിച്ചാണ് തോണികള്‍ കരയ്ക്ക് എത്തിച്ചത്.

ചെറിയമങ്ങാട് ഹാര്‍ബറിലും ബോട്ടുകള്‍ തകര്‍ന്നു. കൊയിലാണ്ടി മേഖലയിലെ തൂവ്വപ്പാറ,ഏഴുകുടിക്കല്‍, ചെറിയമങ്ങാട്, മുത്തായം എന്നിവടങ്ങളിലെല്ലാം കടല്‍ക്ഷോഭം വലിയ നാശനഷ്ടമാണ് ഉണ്ടാക്കിയത്.

കോഴിക്കോട് ജില്ലയ്ക്ക് പുറമേ കാസര്‍കോട് ജില്ലയിലും കടല്‍ക്ഷോഭവും മഴയും ശക്തമായി തുടരുന്നുണ്ട്. ചേരങ്കൈയില്‍ നാലു വീടുകളില്‍ വെള്ളം കയറി. രണ്ടു വീടുകളിലെ കുടുംബങ്ങളെ മാറ്റിപാര്‍പ്പിച്ചു. മഞ്ചേശ്വരം ഉപ്പള മുസോഡി കടപ്പുറത്ത് രണ്ട് വീട് പൂര്‍ണമായും തകര്‍ന്നു. മറ്റൊരു വീട് അപകടാവസ്ഥയിലാണ്. വീട്ടുകാര്‍ വാടക വീട്ടിലേക്ക് മാറി.

വെള്ളരിക്കുണ്ട് താലൂക്കില്‍ ബളാല്‍ പഞ്ചായത്തില്‍ശക്തമായ മഴയില്‍ രണ്ട് വീടുകള്‍ ഭാഗീകമായി തകര്‍ന്നു. ചിത്താരി വില്ലേജില്‍ രണ്ട് വീടുകളില്‍ വെള്ളം കയറി. കുടുംബങ്ങളെ ബന്ധുവീടുകളിലേക്ക് മാറ്റി. നീലേശ്വരം വില്ലേജില്‍ തെങ്ങ് വീണ് ഒരു വീട് ഭാഗീകമായി തകര്‍ന്നു. കണ്ണൂര്‍ ജില്ലയിലും വ്യാപക നാശമാണ് ഉണ്ടായത്. ഉളിക്കലില്‍ പൊയ്യൂര്‍ക്കരിപാലത്തിന് വിള്ളല്‍ വീണു.