കനത്ത മഴയും ഉരുള്‍പ്പൊട്ടലും; ക്യാമ്പുകള്‍ ആരംഭിച്ചു, കുറ്റ്യാടിയിലെ ചാത്തന്‍കോട്ട് നട ഹൈസ്‌കൂളിന് ഇന്ന് അവധി


പേരാമ്പ്ര: കനത്ത മഴയെയും ഉരുള്‍പ്പൊട്ടലിനെയും തുടര്‍ന്ന് ചാത്തന്‍കോട്ട് നട ഹൈസ്‌കൂളില്‍ ക്യാമ്പ് ആരംഭിച്ചതിനാല്‍ ഇന്ന് സ്‌കുളിന് അവധിയായിരിക്കുമെന്ന് ഹെഡ് മാസ്റ്റര്‍ അറിയിച്ചു. ശക്തമായ മഴയെ തുടര്‍ന്ന് കുറ്റ്യാടി ചുരം റോഡിന് സമീപം പൂതംപാറ വള്ളുവന്‍ കുന്നില്‍ ഇന്നലെ ഉരുള്‍പൊട്ടി. ഇതിനെ തുടര്‍ന്നാണ് മുളവട്ടം വള്ളുവന്‍ കുന്ന് പ്രദേശത്തുള്ളവരെ ക്യാമ്പുകളിലേക്ക് മാറ്റിയത്. പതിമൂന്ന് കുടുംബങ്ങളെയാണ് ചാത്തന്‍കോട്ട് നട ഹൈസ്‌കൂള്‍ ക്യാമ്പിലേക്ക് മാറ്റിയത്.

കുറ്റ്യാടി ചുരത്തില്‍ ചാത്തന്‍കോട് നടയുടെ ഭാഗത്ത് രണ്ടിടത്താണ് ഇന്നലെ ഉരുള്‍പൊട്ടിയത്. മുളവട്ടം, ഇരുട്ടവളവ് എന്നീ സ്ഥലങ്ങളിലാണ് ഉരുള്‍പൊട്ടിയത്. ഉരുള്‍പൊട്ടലില്‍ ചുരം റോഡിന്റെ ഒരുഭാഗം ഒലിച്ചുപോയിട്ടുണ്ട്. പേരാമ്പ്ര മേഖലയിലെ വിവിധ ഭാഗങ്ങളിലും നാശ നഷ്ടങ്ങളുണ്ടായി.