കനത്ത മഴയില്‍ വീട് തകര്‍ന്ന് രണ്ടുകുഞ്ഞുങ്ങള്‍ മരിച്ചു; സംഭവം കരിപ്പൂരില്‍


കോഴിക്കോട്: മലപ്പുറം കരിപ്പൂരില്‍ കനത്ത മഴയില്‍ വീട് തകര്‍ന്ന് രണ്ട് കുഞ്ഞുങ്ങള്‍ മരിച്ചു. ചേന്നാരി മുഹമ്മദ് കുട്ടിയുടെ മക്കളായ ഏഴുമാസം പ്രായമുള്ള റിന്‍സാന, എട്ടു വയസുള്ള റിസ്‌വാന എന്നിവരാണ് മരിച്ചത്.

ചൊവ്വാഴ്ച പുലര്‍ച്ചെ അഞ്ച് മണിയോടെയായിരുന്നു അപകടം. ഇവരുടെ വീടിനു പിന്‍ഭാഗത്ത് വീടിനോളം ഉയരത്തില്‍ മണ്ണ് ഉയര്‍ന്നുനില്‍ക്കുന്നുണ്ട്. വീടിന്റെ ഒരു ഭാഗം തകര്‍ത്തുകൊണ്ട് ഈ മണ്ണ് ഇടിഞ്ഞതാണ് അപകടത്തിന് ഇടയാക്കിയത്. അപകടം നടന്നയുടന്‍ നാട്ടുകാര്‍ രക്ഷാപ്രവര്‍ത്തനം നടത്തിയെങ്കിലും കുഞ്ഞുങ്ങളെ രക്ഷപ്പെടുത്താന്‍ കഴിഞ്ഞില്ല.

ബേക്കറി തൊഴിലാളിയായ കുട്ടികളുടെ അച്ഛന്‍ ജോലിയ്ക്കു പോയതായിരുന്നു. അമ്മ മാത്രമായിരുന്നു അപകട സമയത്ത് കുട്ടികള്‍ക്കൊപ്പം വീട്ടിലുണ്ടായിരുന്നത്.

ഒക്ടോബര്‍ 15 വരെ സംസ്ഥാനത്ത് ശക്തമായ മഴ ലഭിക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. ചൊവ്വാഴ്ച ആറു ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടും ഏഴ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.