കഥ പറയാന്‍, കൂട്ടിരിക്കാന്‍ ഇനിയച്ഛനില്ല; നെഞ്ചോട് ചേര്‍ത്ത താരാട്ടുമില്ല, പാലേരി സ്വദേശി സുധീഷിന് കണ്ണീരില്‍ കുതിര്‍ന്ന യാത്രമൊഴി


പേരാമ്പ്ര: അപകടത്തിന്റെ രൂപത്തില്‍ മരണം സുധീഷിനെ കവര്‍ന്നെടുത്തപ്പോള്‍ ഇല്ലാതായത് ഒരു കുടുംബത്തിന്റെ സ്വപ്‌നങ്ങളും പ്രതീക്ഷകളുമാണ്. ഭാര്യയും വിദ്യാര്‍ത്ഥികളായ മക്കളുമടങ്ങുന്ന കുടുംബത്തിന്റെ ഏക പ്രതീക്ഷയാണ് ഇന്ന് ഇല്ലാതായത്. ഇണക്കങ്ങളും പിണക്കങ്ങളും കളി ചിരികളും നിറഞ്ഞതായിരുന്നു സുധിഷിന്റെ ജീവിതം.

വഴക്കിടാനും കഥ പറയാനും ഇനി അച്ഛനില്ലെന്ന യാഥാര്‍ത്ഥ്യം ഉള്‍ക്കൊള്ളാനാവാതെ വിങ്ങിപ്പൊട്ടുകയാണ് മക്കളായ ശ്രീലക്ഷ്മിയും അശ്വതിയും ആദിത്യനും. എല്ലാവരോടും സൗഹൃദപരമായ സമീപനമാണ് സുധീഷിന്. സുധീഷിന്റെ അപ്രതീക്ഷിത വിയോഗത്തിന്റെ ഞെട്ടലിലാണ് നാട്ടുകാരും കുടുംബക്കാരും.

മരം വെട്ടു തൊഴിലാളിയായ സുധിഷ് എന്നത്തെയും പോലെയാണ് ഇന്നും പണിക്കെത്തിയത്. എന്നാല്‍ കല്ലോട് സുബ്രഹ്‌മണ്യ ക്ഷേത്രത്തിന് സമീപമുള്ള പറമ്പില്‍ മാവ് മുറിക്കുന്നതിനിടയില്‍ മരത്തില്‍ നിന്ന് സുധീഷ് താഴെ വീഴുകയായിരുന്നു. കൂടെയുണ്ടായിരുന്ന തൊഴിലാളിയും നാട്ടുകാരും ചേര്‍ന്ന് ഉടന്‍ തന്നെ കല്ലോടെ പേരാമ്പ്ര താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

പോസ്റ്റുമോര്‍ട്ടത്തിനുശേഷം വീട്ടുവളപ്പില്‍ സംസ്‌ക്കരിച്ചു. പരേതനായ കുഞ്ഞിക്കണ്ണന്റെയും സുശീലയുടെയും മകനാണ്. ധന്യയാണ് ഭാര്യ. പേരതനായ സുനില്‍, സിന്ധു ചേനോളി എന്നിവര്‍ സഹോദരങ്ങളാണ്.