കത്വ, ഉന്നാവോ ഫണ്ട് തട്ടിപ്പ്; ആരോപണ വിധേയനായ യൂത്ത് ലീഗ് നേതാവ് സി.കെ.സുബൈർ രാജിവെച്ചു


കോഴിക്കോട്: കത്വ ഉന്നാവൊ ഫണ്ട് തട്ടിപ്പുകേസിന് പിന്നാലെ യൂത്ത് ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി സികെ.സുബൈര്‍ രാജിവെച്ചു. രാജി കത്ത് ദേശീയ അധ്യക്ഷന്‍ ഖാദര്‍ മെയ്തീന് സമര്‍പ്പിച്ചു. മുസ്ലീം ലീഗ് നേതൃത്വത്തിന്റെ ആവശ്യപ്രകാരമാണ് രാജിയെന്നാണ് സൂചന.

കത്വ, ഉന്നാവോ ഇരകളുടെ കുടുംബത്തെ സഹായിക്കാന്‍ യൂത്ത് ലീഗ് സമാഹരിച്ച പണം സികെ സുബൈറും, യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പികെ ഫിറോസും സ്വന്തം ആവശ്യങ്ങള്‍ക്കായി വകമാറ്റിയെന്ന ആരോപണവുമായി യൂസഫ് പടനിലം രംഗത്തെത്തിയിരുന്നു. യൂസഫ് പടനിലത്തിന്റെ പരാതിയില്‍ കുന്നമംഗലം പൊലീസ് ഇരുവര്‍ക്കുമെതിരെ കേസും രജിസ്റ്റര്‍ ചെയ്തിരുന്നു. പൊതുജനങ്ങളില്‍ നിന്ന് പിരിച്ചെടുത്ത പണം സ്വകാര്യ ആവശ്യങ്ങള്‍ക്ക് വേണ്ടി വകമാറ്റിയെന്നാണ് പരാതി.

കത്വ, ഉന്നാവോ കേസുകളിലെ ഇരകള്‍ക്കായി പിരിച്ചെടുത്ത പണം ഇതുവരെയും കൈമാറിയില്ലെന്ന ആരോപണമാണ് ഫെബ്രുവരി ആദ്യവാരം യൂസഫ് പടനിലം ഉന്നയിച്ചത്. പിരിച്ചെടുത്ത പണം സംബന്ധിച്ച യാതൊരു കണക്കുകളും ദേശീയ കമ്മിറ്റിയ്ക്കുമുന്നില്‍ അവതരിപ്പിച്ചില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഒരു കോടിയോളം രൂപ പിരിച്ചെടുത്ത് വകമാറ്റി ചിലവഴിച്ചു. 15 ലക്ഷം രൂപ ഫിറോസ് മറ്റു ആവശ്യങ്ങള്‍ക്ക് ഉപയോഗിച്ച് വഞ്ചിച്ചു എന്നാണ് കേസ്. സുബൈറിനെ ഒന്നാംപ്രതിയാക്കിയാണ് കേസെടുത്തത്.

ആരോപണം ശക്തമായതിനെ തുടര്‍ന്ന് യൂത്ത് ലീഗ് നേതാക്കള്‍ വാര്‍ത്താസമ്മേളനം വിളിച്ച് 9.36 ലക്ഷം രൂപ കത്വ കേസ് നടത്തിപ്പിനായി ചെലവഴിച്ചു എന്ന് അവകാശപ്പെട്ടിരുന്നു. അഞ്ച് ലക്ഷം രൂപ ഇരയുടെ കുടുംബത്തിന് നല്‍കിയെന്നും നേതാക്കള്‍ പറഞ്ഞിരുന്നു.