കത്തുകളുമായി ഇനി പാലേരി പാറക്കടവിലുള്ളവര്‍ക്കിടയിലേക്ക് കുഞ്ഞിക്കണ്ണേട്ടനില്ല; 41 വര്‍ഷത്തെ സേവനത്തിന് ശേഷം കുഞ്ഞിക്കണ്ണന്‍ പടിയിറങ്ങി


പേരാമ്പ്ര: പാലേരി പാറക്കടവിലുള്ളവരുടെ പ്രിയ്യപ്പെട്ട കുഞ്ഞിക്കണ്ണേട്ടന് യാത്രയയപ്പ് നല്‍കി നാട്ടുകാര്‍. അസിസ്റ്റന്റ് ബ്രാഞ്ച് പോസ്റ്റ്മാസ്റ്റര്‍ തസ്തികയില്‍ 41 വര്‍ഷത്തെ സേവനം പൂര്‍ത്തിയാക്കിയാണ് അദ്ദേഹം വിരമിക്കുന്നത്. യുവജന ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച പരിപാടിയില്‍ ഇ.ബിജു അധ്യക്ഷത വഹിച്ചു. അധ്യാപക അവാര്‍ഡ് ജേതാവ് പി.കെ നവാസ് മാസ്റ്റര്‍ കുഞ്ഞികണ്ണേട്ടന്റെ സേവന മഹത്വം സദസിന് പരിചയപ്പെടുത്തി.

1980 ല്‍ 113 രൂപക്ക് തന്റെ 25ാം വയസ്സിലാണ് അദ്ദേഹം ജോലിയില്‍ പ്രവേശിക്കുന്നത്. രാവിലെ 8 മണി മുതല്‍ രാത്രി 8 മണി വരെ ദിവസേന 60 കിലോമീറ്റര്‍ നടന്നാണ് തപാല്‍ ഉരുപ്പടികള്‍ കഴിഞ്ഞ 40 വര്‍ഷമായി അദ്ദേഹം വീട് വീടാന്തരം എത്തിച്ചുകൊണ്ടിരുന്നത്. നാടിന്റെ ചരിത്രത്തോടൊപ്പം നടന്ന പാരമ്പര്യത്തിന്റെ നേര്‍ സാക്ഷ്യമാണ് കുഞ്ഞിക്കണ്ണേട്ടന്‍. തപാല്‍ ഭാരം കൈകളിലേന്തിയ വലത് കൈയ്യിലെ തഴമ്പ് പോലും സമര്‍പ്പണ മുദ്രയായി കൊണ്ടുനടക്കുന്ന മഹത്ത്വമാണ് വിനീതനായ കുഞ്ഞിക്കണ്ണേട്ടന്നെന്ന് സദസ് നല്‍കിയ ആദരവിലൂടെ ഏകസ്വരത്തില്‍ പ്രഖ്യാപിക്കുകയായിരുന്നു.

നാടിന് പ്രിയങ്കരനായി മാറിയ കുഞ്ഞിക്കണ്ണേട്ടനുള്ള മൊമന്റോയ കവി കെ.ടി. സൂപ്പി മാസ്റ്റരും പണക്കിഴി കിഴക്കയില്‍ ബാലനും കൈമാറി. പി.എസ് പ്രവീണ്‍, പുതുക്കോട് രവി, സമദ് മാസ്റ്റര്‍, വി.കെ കുഞ്ഞുമോന്‍, വിപിന്‍ കെ.പി, സി.മുനീര്‍ എന്നിവര്‍ ആശംസ അര്‍പ്പിച്ച് സംസാരിച്ചു. പത്തനംതിട്ട ജൂണിയര്‍ വോളി ടീമില്‍ സെലക്ഷന്‍ ലഭിച്ച അഫ്‌നാന്‍ അശറഫിനെയും ചടങ്ങില്‍ ആദരിച്ചു. ഇല്ലത്ത് റഷീദ് മാസ്റ്റര്‍ സ്വാഗതവും പി.പി. ലീനീഷ് നന്ദിയും രേഖപ്പെടുത്തി.