കണ്ണൂര്‍ തില്ലങ്കേരി ഡിവിഷൻ എല്‍ഡിഎഫ് പിടിച്ചെടുത്തു; 6980 വോട്ട് ഭൂരിപക്ഷം
കണ്ണൂര്‍: ജില്ലാ പഞ്ചായത്ത് തില്ലങ്കേരി ഡിവിഷനില്‍ നടന്ന തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് തകര്‍പന്‍ വിജയം. എല്‍ഡിഎഫ് സ്ഥാനാര്‍ഥി സിപിഎം ജില്ലാ കമ്മിറ്റി അംഗം അഡ്വ. ബിനോയ് കുര്യന്‍ 6980 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്.
യുഡിഎഫിലെ ലിന്‍ഡ ജയിംസിനെയാണ് ബിനോയ് പരാജയപ്പെടുത്തിയത്. ആകെ പോള്‍ ചെയ്ത 32,356 വോട്ടുകളില്‍ പോസ്റ്റല്‍ വോട്ടുകള്‍ കൂടാതെ സിപിഎമ്മിലെ അഡ്വ.ബിനോയ് കുര്യന്‍ 18,524 നേടി വിജയിച്ചപ്പോള്‍ യുഡിഎഫിലെ ലിന്‍ഡ ജെയിംസിനു 11,650 വോട്ടുകളാണ് ലഭിച്ചത്. ബിജെപിയുടെ കെ.ജയപ്രകാശ് 1,329 വോട്ടാണ് നേടിയത്.
നിലവില്‍ യുഡിഎഫിന്റെ സിറ്റിങ് സീറ്റാണ് തില്ലങ്കേരി. എല്ലാ പഞ്ചായത്തിലും എല്‍ഡിഎഫ് ലീഡ് നേടി. യുഡിഎഫ് സ്വാധീന മേഖലയായ അയ്യങ്കുന്ന് പഞ്ചായത്തില്‍ ആദ്യമായാണ് എല്‍ഡിഎഫ് ലീഡ് നേടുന്നത്.
യുഡിഎഫിന്റെ ഉറച്ച സീറ്റായിരുന്നു മലയോര മേഖലയായ തില്ലങ്കേരി. നേരത്തെ യുഡിഎഫ് സ്ഥാനാര്‍ഥിയുടെ മരണത്തെ തുടര്‍ന്നാണ് ഇവിടെ തെരഞ്ഞെടുപ്പ് മാറ്റിവയ്ക്കേണ്ടിവന്നത്.