കണ്ണൂര്‍ ജില്ലയില്‍ ഡെങ്കിപ്പനി വ്യാപിക്കുന്നു; ജാഗ്രത കൈവിടരുതെന്ന് നിര്‍ദേശം


കണ്ണൂര്‍: കണ്ണൂര്‍ ജില്ലയില്‍ ഡെങ്കിപ്പനി പടര്‍ന്നുപിടിക്കുന്നു. ജില്ലയില്‍ പത്തൊന്‍പത് പേര്‍ക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. ഡെങ്കിപ്പനി ബാധിച്ച് ചെണ്ടയാട് പഞ്ചായത്തിലെ യുവാവ് മരിച്ചതായും വിവരമുണ്ട്. ഇതേ തുടര്‍ന്ന് ആരോഗ്യ വിഭാഗം പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി.കോവിഡ് വ്യാപനത്തിനൊപ്പം തന്നെ ജില്ലയില്‍ ഡെങ്കിപ്പനി വ്യാപിക്കുന്ന എന്നത് വളരെ ജാഗ്രതയോടെ കാണേണ്ടതാണെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.


കൊവിഡിനൊപ്പം ഡെങ്കിപ്പനിയും പടര്‍ന്നുപിടിക്കുന്നത് ആരോഗ്യപ്രവര്‍ത്തകരെ ആശങ്കയിലാക്കിയിട്ടുണ്ട്. ജില്ലയില്‍ ഇന്നലെ 1755 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 1633 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇതര സംസ്ഥാനത്ത് നിന്നെത്തിയ 90 പേര്‍ക്കും വിദേശത്തുനിന്നെത്തിയ നാല് പേര്‍ക്കും 28 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചിരുന്നു.