കണ്ണൂരില്‍ യുവതിയെ ഭര്‍തൃവീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവം: ഗാര്‍ഹികപീഡനം ശരിവെക്കുന്ന കൂടുതല്‍ തെളിവുകള്‍ പുറത്ത്
കണ്ണൂര്‍: പയ്യന്നൂര്‍ കോറോം സ്വദേശി സുനീഷ (26) യെ ഭര്‍തൃവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഗാര്‍ഹിക പീഡനം ശരിവെക്കുന്ന തെളിവുകള്‍ പുറത്ത്. ഭര്‍തൃവീട്ടില്‍ നിരന്തരം പീഡനം ഏല്‍ക്കേണ്ടിവന്നതായി സുനീഷ പറയുന്ന ശബ്ദരേഖയും ബന്ധുക്കളുടെ മൊഴിയുമാണ് പുറത്തുവന്നിരിക്കുന്നത്.
ഭര്‍തൃവീട്ടുകാരുടെ പീഡനത്തില്‍ മനംനൊന്താണ് യുവതി ആത്മഹത്യ ചെയ്തതെന്ന് സുനീഷയുടെ കുടുംബം ആരോപിച്ചിരുന്നു. ഭര്‍ത്താവ് വിജീഷിന്റെ അച്ഛനും അമ്മയും നിരന്തരം ശാരീരികമായും മാനസികമായും പീഡിപ്പിച്ചിരുന്നുവെന്നാണ് യുവതിയുടെ ബന്ധുക്കള്‍ പറയുന്നത്. തന്നെ കൂട്ടിക്കൊണ്ട് പോയില്ലെങ്കില്‍ ജീവനോടെ ഉണ്ടാകില്ലെന്ന് യുവതി സഹോദരനോട് പറയുന്ന ശബ്ദരേഖയും പുറത്തുവന്നിട്ടുണ്ട്.
ഭര്‍തൃവീട്ടില്‍ നിന്ന് യുവതിയ്ക്ക് ഭക്ഷണം നല്‍കിയിരുന്നില്ലെങ്കില്‍ യുവതിയുടെ വല്യമ്മ ദേവകി കഴിഞ്ഞദിവസം ചാനല്‍ചര്‍ച്ചയില്‍ പറഞ്ഞിരുന്നു. ഹോട്ടലില്‍ നിന്ന് പാഴ്‌സല്‍ വാങ്ങിയാണ് ഒരുമാസമായി ഭക്ഷണം കഴിച്ചിരുന്നത്. വീടുമായി ബന്ധപ്പെടാന്‍ സുനീഷയെ അനുവദിച്ചിരുന്നില്ലെന്നും വീട്ടിലേക്ക് വിളിക്കാന്‍ ശ്രമിച്ചപ്പോള്‍ ഫോണ്‍ എറിഞ്ഞുനശിപ്പിച്ചതായും ദേവകി പറഞ്ഞിരുന്നു.
സംഭവവുമായി ബന്ധപ്പെട്ട് ഇന്നലെ പൊലീസ് സുനീഷയുടെ വീട്ടുകാരുടെ മൊഴിയെടുത്തിരുന്നു. വിജീഷിനെയും വീട്ടുകാരെയും ഇന്ന് ചോദ്യം ചെയ്‌തേക്കും.
ഞായറാഴ്ച വൈകുന്നേരമാണ് സുനീഷയെ ഭര്‍ത്താവ് വിജീഷിന്റെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഇതിന് ഒരാഴ്ച മുമ്പ് വിജീഷിനെതിരെ ഗാര്‍ഹിക പീഡനം ആരോപിച്ച് ഇവര്‍ പയ്യന്നൂര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. പരാതിയിന്മേല്‍ കേസെടുക്കാതെ പൊലീസ് ഇരുകുടുംബങ്ങളേയും സ്റ്റേഷനില്‍ വിളിച്ചുവരുത്തി പ്രശ്‌നം ഒത്തുതീര്‍പ്പാക്കിവിടുകയായിരുന്നു. ഒന്നരവര്‍ഷംമുമ്പായിരുന്നു സുനീഷയും വിജീഷും വിവാഹിതരായത്.