കണ്ടൽക്കാട്, തുരുത്ത്, ശുദ്ധവായുവും കുളിർക്കാറ്റും; നെല്യാടിപ്പുഴയുടെ സൗന്ദര്യം ആസ്വദിക്കാം


കീഴരിയൂർ: തെങ്ങിന്‍ തോപ്പുകല്‍ നിറഞ്ഞ തുരുത്തുകളും, കൈത്തോടുകളും കണ്ടല്‍ വനങ്ങളുടെ ജൈവവൈവിധ്യവും ഒത്തുവരുന്ന നെല്ല്യാടിപ്പുഴയോരം. തികഞ്ഞ ശുദ്ധവായുവും കുളിര്‍കാറ്റും ദേശാടന പക്ഷികളുടെ സാന്നിധ്യവും നാട്ടു പക്ഷികളുടെ സുന്ദര നാദങ്ങളും പുഴയിലെ ഓളപ്പരപ്പുകളും, ആമ്പല്‍ പൊയ്കയും ചെറു ഓളം തീര്‍ത്തൊഴുകുന്ന പുഴയുടെ തെളിനീര്‍ ചാരുതയുമെല്ലാം ഒത്തിണങ്ങിയ ഗ്രാമ ഭംഗി. കീഴരിയൂര്‍ പൊടിയാടി തുറയൂര്‍ റോഡിലൂടെ സഞ്ചരിച്ചാല്‍ നെല്യാടിപ്പുഴയെന്ന് നാട്ടുകാര്‍ വിളിക്കുന്ന അകലാപ്പുഴയുടെ സൗന്ദര്യം ആസ്വദിച്ച് യാത്ര ചെയ്യാം.

പ്രകൃതിസുന്ദരമായ നെല്യാടിപ്പുഴയുടെ തീരത്തു കൂടിയാണ് പൊടിയാടി തുറയൂര്‍ റോഡ് കടന്നു പോകുന്നത്. നെല്യാടിപ്പുഴയോരം കേന്ദ്രീകരിച്ച് ടൂറിസം വികസന മേഖലയില്‍ അനന്ത സാധ്യതയാണുളളത്. പുഴയോരം കേന്ദ്രീകരിച്ച് കരിമീന്‍ കൃഷി നടക്കുന്നുണ്ട്. വിവിധയിനത്തില്‍പ്പെട്ട കണ്ടല്‍ക്കാടുകള്‍ പുഴയോരത്തുണ്ട്. പാമ്പന്‍ തുരുത്തും, പൊടിയാടി എസ്റ്റേറ്റും സഞ്ചാരികള്‍ക്ക് നല്‍കുന്നത് വിസ്മയകാഴ്ചകളാണ്.

അകലാപ്പുഴയുമായി സന്ധിക്കുന്ന ചെറിയപുഴയുടെ ഇരു കരകളിലുമായി വ്യാപിച്ചു കിടക്കുന്നതാണ് പൊടിയാടി എസ്റ്റേറ്റ്. ഇവിടെ ഇരു കരകളിലും സമൃദ്ധമായ കേരനിരകളാണ്. അപൂര്‍വ്വയിനം പക്ഷികളുടെ സങ്കേതമാണ് നെല്യാടിപ്പുഴയിലെ തുരുത്തുകള്‍. കായല്‍പ്പരപ്പു പോലെയാണ് നെല്യാടിപ്പുഴ.

ഇവിടം കേന്ദ്രീകരിച്ച് പരിസ്ഥിതിയ്ക്ക് യോജിക്കുന്ന ഭാവനാപൂര്‍ണ്ണമായ ടൂറിസം പദ്ധതികളാണ് ആവശ്യം. ഗതാഗത സൗകര്യം കുറഞ്ഞത് ഈ പ്രദേശത്തിന്റെ ടൂറിസം സാധ്യതയെ ബാധിക്കുന്നുണ്ട്. തുറയൂര്‍-പൊടിയാടി റോഡ് സഞ്ചാരയോഗ്യമാക്കുകയാണ് ആദ്യം വേണ്ടത്. ഈ റോഡിന് രണ്ടിടത്ത് ചെറു പാലങ്ങള്‍ വേണം. ഇതിനുളള നടപടികള്‍ തുടങ്ങിയിട്ടുണ്ട്. നടക്കല്‍, മുറിനടക്കല്‍ എന്നിവിടങ്ങളിലാണ് പാലങ്ങള്‍ നിര്‍മ്മിക്കുന്നത്.

നടക്കല്‍ പാലത്തിന് മന്ത്രി ടി.പി.രാമകൃഷ്ണന്‍ കഴിഞ്ഞ ദിവസം ശിലാസ്ഥാപനം നടത്തിയിട്ടുണ്ട്. കീഴരിയൂര്‍ ചെറുപുഴയ്ക്ക് കുറുകെ 3.12 കോടി രൂപ ചെലവഴിച്ചാണ് നടക്കല്‍ പാലം നിര്‍മ്മിക്കുന്നത്. നടപ്പാത ഉള്‍പ്പടെ 11 മീറ്റര്‍ വീതിയിലാണ് പാലം നിര്‍മ്മിക്കുന്നത്. മുറിനടക്കല്‍ പാലത്തിന്റെ എസ്റ്റിമേറ്റ് തയ്യാറാക്കിയിട്ടുണ്ട്. രണ്ട് പാലങ്ങളുടെയും നിര്‍മ്മാണത്തിന് എട്ട് കോടി രൂപ ബഡ്ജറ്റില്‍ നീക്കിവെച്ചിട്ടുണ്ട്. കീഴരിയൂരില്‍ നിന്ന് തുറയൂരിലേയ്ക്കുള്ള ദൂരം ഗണ്യമായി കുറയ്ക്കുന്ന ഈ റോഡ് പൂര്‍ണമായ വാഹന സഞ്ചാരയോഗ്യമാകണമെങ്കില്‍ ഈ രണ്ട് പാലങ്ങളും നിര്‍മ്മിക്കണം.

ഇത്രയും മനോഹാരിത തുളുമ്പി നില്‍ക്കുന്ന നെല്ല്യാടി പുഴയോരത്തു കൂടിയുളള യാത്ര പോലും അവിസ്മരണീയമായ അനുഭവമായിരിക്കും. ഹൈഡല്‍ ടൂറിസം പദ്ധതിയുടെ ഭാഗമായി കീഴരിയൂര്‍ നെല്യാടി പൊടിയാടിയില്‍ നിന്നാരംഭിച്ച് മീറോട് മല, പൂഴിത്തോട്, ബാണാസുരസാഗര്‍ വരെ നീളുന്ന ടൂറിസം കോറിഡോര്‍ പദ്ധതിയുടെ ഡി.പി.ആര്‍ തയ്യാറാക്കി സര്‍ക്കാരിന്റെ പരിഗണനയിലുണ്ട്. 405 കോടിയുടെ ടൂറിസം വികസന പദ്ധതിയാണിത്. പൊടിയാടി ഭാഗത്ത് ഹോംസ്‌റ്റെ, പുഴയില്‍ നിന്ന് അപ്പപ്പോള്‍ മീന്‍പിടിച്ച് പാകം ചെയ്തു ഭക്ഷണമൊരുക്കുന്ന സംവിധാനം, നടപ്പാത എന്നിവയാണ് ആലോചിക്കുന്നത്.

മതുമ്മല്‍ ഭാഗത്തെ ചെറിയ തുരുത്തിലേക്ക് സഞ്ചാരികളെ ആകര്‍ഷിക്കാനും പദ്ധതിയുണ്ട്. കീഴരിയൂര്‍ -തുറയൂര്‍ പഞ്ചായത്തുമായി ബന്ധിപ്പിക്കുന്ന നടയ്ക്കല്‍, മുറി നടയ്ക്കല്‍ പാലം യാഥാര്‍ത്ഥ്യമാവുന്നതോടെ നെല്യാടിപ്പുഴയോര ടൂറിസം പദ്ധതിയ്ക്ക് ഏറെ പ്രാധാന്യം കൈവരും. നെല്ല്യാടികടവ് മുതല്‍ പൊടിയാടി വരെയുളള പ്രകൃതി മനോഹരമായ തീരപ്രദേശം പൂര്‍ണ്ണമായി ഉപയോഗപ്പെടുത്താം. പേരാമ്പ്ര മണ്ഡലം വികസ പദ്ധതിയിലും ഇത് ഉള്‍പ്പെടുത്തിയിട്ടുണ്ട്.