കണ്ടെയിന്‍മെന്റ് സോണില്‍ കട തുറന്നു; പേരാമ്പ്രയില്‍ വ്യാപാരികള്‍ക്കെതിരെ കേസെടുത്ത് പോലീസ്


പേരാമ്പ്ര: കണ്ടെയിന്‍മെന്റ് സോണില്‍ കട തുറന്ന വ്യാപാരികള്‍ക്കെതിരെ കേസെടുത്തു. പേരാമ്പ്ര മത്സ്യ മാര്‍ക്കറ്റിന് മുന്‍വശത്തുള്ള ഫൈന്‍ ഫെയര്‍ അസോസിയേറ്റ്‌സ്, ഹാപ്പി ഷോപ്പി ഫാന്‍സി ആന്‍ഡ് ഫുട്വെയേഴ്സ് എന്നീ സ്ഥാപന ഉടമകള്‍ക്കെതിരെയാണ് കേസെടുത്തത്. ഈ സ്ഥാപനങ്ങള്‍ ഉള്‍പ്പെടുന്ന വാര്‍ഡ് കണ്ടെയിന്‍മെന്റ് സോണായി കലക്ടര്‍ പ്രഖ്യാപിച്ചിട്ടുള്ളതാണ്.

പഞ്ചായത്ത് അധികൃതര്‍ അശാസ്ത്രീയമായി കണ്ടെയിന്‍മെന്റ് സോണുകള്‍ പ്രഖ്യാപിച്ച് കച്ചവടക്കാരെ ദ്രോഹിക്കുന്നു എന്നാരോപിച്ച് കടകള്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ വ്യാപാരി വ്യവസായി ഏകോപന സമിതി ആഹ്വാനം ചെയ്തിരുന്നു. ഇതനുസരിച്ച് വ്യാപാരി വ്യവസായി ഏകോപന സമിതി ഭാരവാഹികളുടെ സമ്മര്‍ദത്തെ തുടര്‍ന്നാണ് ബുധനാഴ്ച ചിലര്‍ കടകള്‍ തുറന്നത്.

പോലീസ് ഇടപെട്ടതോടെ ചിലര്‍ കടയടച്ചു. പോലീസിന്റെ അഭ്യര്‍ഥന നിരസിച്ച വ്യാപാരികള്‍ക്കെതിരെയാണ് കേസെടുത്തത്. ഇതിനിടെ ചിലര്‍ റോഡ് ഉപരോധിക്കാനും ശ്രമിച്ചു.

കോവിഡ് വ്യാപന തോതനുസരിച്ച് കണ്ടെയിന്‍മെന്റ് സോണുകള്‍ പ്രഖ്യാപിക്കുന്നത് കലക്ടറാണ്. അതിനാല്‍ കണ്ടെയിന്‍മെന്റ് സോണില്‍ കടകള്‍ തുറക്കാനുള്ള അനുമതി പഞ്ചായത്തിന് നല്‍കാനാവില്ലെന്ന് പ്രസിഡന്റ് വി.കെ പ്രമോദും സെക്രട്ടറി ഷാജുവും പറഞ്ഞു. കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി കലക്ടര്‍ പ്രഖ്യാപിച്ച നിബന്ധനകള്‍ പാലിച്ച് വ്യാപാരി വ്യവസായി സമിതി പ്രവര്‍ത്തകര്‍ കട തുറന്നില്ല.