കണ്ടയുടന്‍ അപ്രത്യക്ഷമാവും; വാട്‌സാപ്പിലെ വ്യൂ വണ്‍സ് ഫീച്ചര്‍ എങ്ങനെ ഉപയോഗിക്കാം? നോക്കാം വിശദമായി


വാട്‌സാപ്പില്‍ അടുത്തിടെ വന്ന സുരക്ഷാ ഫീച്ചറാണ് വ്യൂ വണ്‍സ്. എങ്ങനെയാണ് ഈ സംവിധാനം ഉപയോഗിക്കുക? ടെലഗ്രാമില്‍ നേരത്തെ തന്നെ ലഭ്യമായിട്ടുള്ള ഡിസപ്പിയറിങ് ഫീച്ചറിന് സമാനമാണ് വ്യൂ വണ്‍സ്.

പേര് അര്‍ത്ഥമാക്കുന്നത് പോലെ വാട്‌സാപ്പില്‍ അയക്കുന്ന വീഡിയോയും ചിത്രങ്ങളും ലഭിക്കുന്നയാള്‍ക്ക് ഒറ്റത്തവണ മാത്രം കാണാന്‍ സാധിക്കുന്ന സംവിധാനമാണിത്.

എന്തൊക്കെയാണ് ഇതിന്റെ സവിശേഷതകള്‍

  • വ്യൂ വണ്‍സ് വഴി അയക്കുന്ന ചിത്രങ്ങളും വീഡിയോകളും അയക്കുന്നയാളിന്റേയോ സ്വീകര്‍ത്താവിന്റെയോ ഫോണില്‍ ശേഖരിക്കപ്പെടില്ല.
  • ഇതുവഴി അയക്കുന്ന വീഡിയോ/ ഫോട്ടോ അയക്കുന്നയാളിന്റെ ചാറ്റിലും കാണാന്‍ സാധിക്കില്ല.
  • വ്യൂ വണ്‍സ് വഴി അയച്ച ചിത്രങ്ങളും വീഡിയോകളും ഫോണില്‍ ശേഖരിക്കാനോ മറ്റുള്ളവര്‍ക്ക് പങ്കുവെക്കുവാനോ സാധിക്കില്ല.
  • അയച്ച ചിത്രം അല്ലെങ്കില്‍ വീഡിയോ സ്വീകര്‍ത്താവ് തുറന്നോ എന്ന് മാത്രം നിങ്ങള്‍ക്ക് അറിയാന്‍ കഴിയും.
  • വ്യൂ വണ്‍സ് വഴി ലഭിക്കുന്ന ചിത്രങ്ങളും വീഡിയോകളും 14 ദിവസത്തിനുള്ളില്‍ തുറന്നില്ലെങ്കില്‍ പിന്നെ കാണാന്‍ കഴിയില്ല.
  • ഒറ്റത്തവണ മാത്രം കണ്ടാല്‍ മതി എന്ന് നിങ്ങള്‍ ആഗ്രഹിക്കുന്ന ഫയലുകള്‍ അയക്കുമ്പോള്‍ ഓരോ തവണയും വ്യൂ വണ്‍സ് ഓപ്ഷന്‍ തിരഞ്ഞെടുക്കണം.
  • ചാറ്റുകള്‍ ബാക്ക് അപ്പ് ചെയ്യുന്ന സമയത്ത് വ്യൂ വണ്‍സ് ഫയലുകളും ബാക്ക് അപ്പ് ചെയ്യപ്പെടും. ഇത് പിന്നീട് റീസ്റ്റോര്‍ ചെയ്യാനും സാധിക്കും. എന്നാല്‍ നേരത്തെ തന്നെ തുറന്ന ഫയലുകള്‍ ബാക്ക് അപ്പില്‍ ഉള്‍പ്പെടില്ല.

വ്യൂ വണ്‍സ് ഉപയോഗിക്കുന്ന വിധം (How to turn on View Once messages on Whatsapp)

  • ഫോട്ടോ/വീഡിയോ അയക്കുന്നതിന് ഫയല്‍ അറ്റാച്ച് ബട്ടന്‍ ക്ലിക്ക് ചെയ്ത് ആവശ്യമുള്ള മീഡിയ തിരഞ്ഞെടുക്കുക.
  • താഴെ ചാറ്റ്‌ബോക്‌സില്‍ വ്യൂ വണ്‍സ് ബട്ടന്‍ കാണാം. അത് ആക്റ്റിവേറ്റ് ചെയ്യുക.
  • ശേഷം സെന്റ് ബട്ടന്‍ അമര്‍ത്തുക
  • ചിത്രത്തിന്റെ സ്ഥാനത്ത് Photo എന്നും വീഡിയോ ആണ് അയച്ചത് എങ്കില്‍ Video എന്നും മാത്രമാണ് നിങ്ങള്‍ക്ക് ചാറ്റില്‍ കാണാനാവുക.
  • അപ്പുറത്തുള്ള സ്വീകര്‍ത്താവ് ഈ ഫയല്‍ ഓപ്പണ്‍ ചെയ്താല്‍ നിങ്ങള്‍ക്ക് ഫയലുകളുടെ സ്ഥാനത്ത് Opened എന്ന് കാണാനാവും.
  • സ്വീകര്‍ത്താവ് ഒരിക്കല്‍ തുറന്ന് ഫയല്‍ ക്ലോസ് ചെയ്ത ഉടനെ അത് ഫോണില്‍ നിന്നും ചാറ്റില്‍ നിന്നും അപ്രത്യക്ഷമാവും.

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

  • വ്യൂ വണ്‍സ് വഴി ഫയലുകള്‍ അയക്കുമ്പോഴും വിശ്വാസയോഗ്യരായവര്‍ക്ക് മാത്രം അയക്കുക. കാരണം ഒരിക്കല്‍ തുറന്ന ഫയലുകള്‍ അത് ക്ലോസ് ചെയ്യുന്നത് വരെ സ്‌ക്രീനില്‍ തന്നെ കാണാന്‍ സാധിക്കും. ഈ ഫയലുകള്‍ സ്‌ക്രീന്‍ ഷോട്ട് എടുക്കാനും മറ്റ് ഫോണുകള്‍ ഉപയോഗിച്ച് ഫോട്ടോ എടുക്കാനും സാധിക്കും.
  • വ്യൂ വണ്‍സ് വഴി അയച്ചാലും ഈ ഫയലിന്റെ എന്‍ക്രിപ്റ്റഡ് പതിപ്പ് വാട്‌സാപ്പിന്റെ സെര്‍വറില്‍ സൂക്ഷിക്കപ്പെടും.
  • വ്യൂ വണ്‍സ് വഴി അയച്ച ഫയലുകള്‍ റിപ്പോര്‍ട്ട് ചെയ്താല്‍ അത് വാട്‌സാപ്പിന്റെ കണ്ടന്റ് മോണിറ്ററിങ് വിഭാഗത്തിലേക്ക് കൈമാറ്റം ചെയ്യപ്പെടും.