കടൽക്ഷോഭത്തിൽ തകർന്ന ചേമഞ്ചേരി വാതക ശ്മശാനത്തിലേക്കുളള പാത ഡിവൈഎഫ്ഐ ഗതാഗതയോഗ്യമാക്കി


കൊയിലാണ്ടി: കടല്‍ ക്ഷോഭത്തില്‍ തകര്‍ന്ന കാപ്പാട്-കൊയിലാണ്ടി തീരപാത ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ താല്‍ക്കാലികമായി ഗതാഗത യോഗ്യമാക്കി. തീരപാതയിലൂടെയാണ് ചേമഞ്ചേരി പഞ്ചായത്ത് വാതക ശ്മശാനത്തിലേക്ക് മൃതദേഹങ്ങള്‍ കൊണ്ടു വരേണ്ടത്. കടല്‍ ക്ഷോഭത്തില്‍ തീരപാത പൊട്ടി തകര്‍ന്ന് പൂര്‍ണ്ണമായി ഗതാഗത യോഗ്യമല്ലാതായി കിടക്കുകയാണ്.

തകര്‍ന്നു കിടക്കുന്ന സ്ഥലങ്ങളില്‍ മണ്ണും കല്ലും നിരത്തി ആംബുലന്‍സ് കടന്നു പോകാന്‍ കഴിയുന്ന വിധത്തിലാണ് റോഡ് ഗതാഗതയോഗ്യമാക്കിയത്. എന്നാല്‍ വീണ്ടും കടല്‍ക്ഷോഭമുണ്ടായാല്‍ റോഡ് വീണ്ടും തകരും. ഡി.വൈ.എഫ്.ഐ ചേമഞ്ചേരി, കാപ്പാട്, വെങ്ങലം മേഖലാ കമ്മിറ്റികളുടെ നേതൃത്വത്തിലാണ് അമ്പതോളം പ്രവര്‍ത്തകര്‍ റോഡ് ഗതാഗതയോഗ്യമാക്കിയത്. ഡി.വൈ.എഫ്.ഐ ബ്ലോക്ക് സെക്രട്ടറി ബി.പി.ബബീഷ്, ബിജീഷ്, ചേമഞ്ചേരി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അജ്‌നാഫ് കാച്ചിയില്‍ എന്നിവര്‍ നേതൃത്വം നല്‍കി.