കടുവ പോത്തിനെ കൊന്ന സംഭവം: ഉടമ നഷ്ടപരിഹാരത്തിന് അര്‍ഹനല്ലെന്ന് വനംവകുപ്പ്; നഷ്ടമായത് അരലക്ഷംരൂപ വിലയുള്ള പോത്ത്
പേരാമ്പ്ര: കുറ്റ്യാടി ജലസേചന പദ്ധതിയുടെ പെരുവണ്ണാമൂഴി റിസര്‍വോയര്‍ തീരത്ത് മേയാന്‍ വിട്ടിരുന്ന പോത്തിനെ കടുവ കൊന്ന സംഭവത്തില്‍ നഷ്ടപരിഹാരം നല്‍കാന്‍ കഴിയില്ലെന്ന്
വനംവകുപ്പ്. വനഭൂമി പാട്ടത്തിനുകൊടുത്ത പ്ലാന്റേഷന്‍ കോര്‍പ്പറേഷന്‍ ഓഫ് കേരളയുടെ സ്ഥലത്താണ് സംഭവം നടന്നത്. വനമേഖലയില്‍ കന്നുകാലികളെ മേയാന്‍ വിടുന്നത് നിയമവിരുദ്ധമാണ്. അതിനാല്‍ ഉടമയ്ക്ക് നഷ്ടപരിഹാരം നല്‍കാന്‍ നിയമപരമായ ബാധ്യതയില്ലെന്ന് പെരുവണ്ണാമൂഴി ഡെപ്യൂട്ടി റെയ്ഞ്ച് ഓഫീസര്‍ ഇ. ബൈജുനാഥ് പേരാമ്പ്ര ന്യൂസ് ഡോട് കോമിനോടു പറഞ്ഞു.
2006ലെ വനാവകാശ നിയമപ്രകാരം ആദിവാസികള്‍ക്ക് മാത്രമാണ് ഇത്തരം സാഹചര്യത്തില്‍ നഷ്ടപരിഹാരത്തിന് അര്‍ഹതയുള്ളത്. പോത്തിന്റെ ഉടമയായ പേരാമ്പ്ര എസ്റ്റേറ്റിലെ ഫീല്‍ഡ് തൊഴിലാളി തോണക്കര ബിനു ആദിവാസി വിഭാഗത്തില്‍പ്പെട്ടയാളല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, നിയമംലംഘിച്ച് വനമേഖലയില്‍ കാലികളെ മേയാന്‍ വിട്ടതിന് ബിനുവിനെതിരെ നടപടിയെടുക്കില്ലെന്നും അദ്ദേഹം അറിയിച്ചു. ആ ചുറ്റുപാടിനെ ആശ്രയിച്ചു ജീവിക്കുന്ന തൊഴിലാളികളാണെന്നും അവരുടെ പ്രയാസങ്ങള്‍ മനസിലാക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
എസ്റ്റേറ്റിന്റെ ഭൂമിയും വനമേഖലയും ചേര്‍ന്നുകിടക്കുന്ന സ്ഥലത്ത് ആഗസ്റ്റ് 31നാണ് പോത്തിനെ വന്യമൃഗം കടിച്ചുകൊന്നനിലയില്‍ കണ്ടെത്തിയത്. സമീപത്ത് ജീവിയുടെ കാല്പാടുകളുമുണ്ടായിരുന്നു. ഇത് അഞ്ചു വയസ്സ് പ്രായംതോന്നിക്കുന്ന കടുവയാണെന്നാണ് വനംവകുപ്പ് സ്ഥിരീകരിച്ചിരുന്നു.
നാല്‍പ്പതിന്റെ ചാല്‍ എന്നാണ് ഈ ഭാഗം പ്രാദേശികമായി അറിയപ്പെടുന്നത്. എസ്റ്റേറ്റിലെ ആശുപത്രിക്ക് പിന്‍ഭാഗത്തുള്ള സ്ഥലംകൂടിയാണിത്. ഡാം റിസര്‍വോയറില്‍നിന്ന് വെള്ളം കയറുന്ന മേഖലയാണിത്. ഇപ്പോള്‍ വെള്ളം ഇറങ്ങിയ നിലയിലായതിനാല്‍ പുല്ലുള്ളഭാഗത്ത് പോത്തിനെ കെട്ടിപ്പോവുകയായിരുന്നു ബിനു.
അഞ്ചോളം പോത്തുകളാണ് ഇവിടെ ഉണ്ടായിരുന്നത്. അതില്‍ ഒന്നിനെയാണ് കടുവ കൊലപ്പെടുത്തിയത്.