കടിച്ച പേപ്പട്ടിയെ കുരുക്കിട്ട് കൊന്ന് സഹോദരിമാര്‍; മരുതോങ്കരയില്‍ പേപ്പട്ടി ആക്രമണത്തില്‍ മൂന്ന് പേര്‍ക്ക് പരിക്ക്
കുറ്റ്യാടി: മുരതോങ്കര നിടുവാലിൽ പേപ്പട്ടിയുടെ വിളയാട്ടം. രണ്ടു സത്രീകൾ ഉൾപ്പെടെ മൂന്നുപേർക്ക് കടിയേറ്റു. ഞായറാഴ്ച രാവിലെ കർഷകനായ വള്ളിച്ചാലിൽ തേവര്‍പറമ്പിൽ ബഷീറിനാണ് (35) ആദ്യം കടിയേറ്റത്. വീട്ടുമുറ്റത്ത് നിൽക്കുകയായിരുന്ന ഇദ്ദേഹത്തെ കടിച്ച ശേഷം നായ ഓടി മാടോള്ളതിൽ വീട്ടിൽ കയറി. അവിടെ മുറ്റത്ത് അലക്കുകയായിരുന്ന ഷക്കീല (30), അനുജത്തി സലീന(25) എന്നിവർക്കാണ് കടിയേറ്റത്.
ഷക്കീലയുടെ കൈയിൽ കടിച്ചു തൂങ്ങിയ നായെ ഓടിയെത്തിയ സലീന കഴുത്തിൽ പിടിച്ച് കടി വിടുവിക്കുകയായിരുന്നു. ഇവർ ഷാൾകൊണ്ട് നായുടെ കഴുത്തിന് കരുക്കിട്ടു വീടിന്റെ ഗ്രില്ലിൽ കെട്ടിയിട്ടു. ഇതിനിടെ നായ ചത്തു. മൂവരെയും കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച് കുത്തിവെപ്പ് നൽകി. മുള്ളൻകുന്നിൽ തെരുവുനായ് ശല്യം രൂക്ഷമാണ്. കടിയേറ്റിട്ടും തളരാതെ നായെ പിടിച്ചു കെട്ടിയ സഹോദരിമാരെ നാട്ടുകാർ അഭിനന്ദിച്ചു.
കുറ്റ്യാടി ഗവ.താലൂക്കാശുപത്രിയിൽ പേപ്പട്ടി വിഷത്തിനുള്ള കുത്തിവെപ്പില്ലാത്തതിനാൽ മെഡിക്കൽ കോളജിൽ എത്തിച്ച് കുത്തിവെപ്പ് നൽകേണ്ട സ്ഥിതിയാണ്. എന്നാൽ, വാക്സിൻ സ്റ്റോക്കും തീർന്നതാണെന്ന് ആർ.എം.ഒ ഡോ.പി.കെ. ഷാജഹാൻ പറഞ്ഞു. പ്രൈമറി കുത്തിവെപ്പിനുള്ള മരുന്ന് ആശുപത്രി യിൽ ഉണ്ട്. ആഴത്തിൽ മുറിവുള്ളതുകൊണ്ട് സെക്കൻഡറി കുത്തിവെപ്പിന് മെഡിക്കൽ കോളജിൽ അയക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.