കടല് കാണാനും കാശൊ?
കാപ്പാട് ജനകീയ പ്രതിഷേധം ശക്തമാകുന്നു
കാപ്പാട്: അന്താരാഷ്ട്ര അംഗീകാരമായ ബ്ലൂ ഫ്ലാഗ് സർട്ടിഫിക്കേഷൻ ലഭിച്ചതിന് പിന്നാലെ കാപ്പാട് ടൂറിസ്റ്റ് കേന്ദ്രത്തിലെത്തുന്നവരിൽ നിന്നും പ്രവേശന ഫീസ് ഈടാക്കുന്നതിനെതിരെ പ്രതിഷേധവുമായി നാട്ടുകാർ രംഗത്ത്. ദിനംപ്രതി നൂറുകണക്കിന് ടൂറിസ്റ്റുകളും നാട്ടുകാരുമാണ് വിനോദത്തിനും ഉല്ലാസത്തിനുമായി കാപ്പാട് തീരത്ത് എത്തുന്നത്. ഇവിടെ എത്തുന്നവരിൽ നിന്നും പ്രവേശന ഫീസ് ഈടാക്കാനുള്ള ജില്ല ടൂറിസം പ്രൊമോഷൻ കൗൺസിലിന്റെ തീരുമാനത്തിനെതിരെയാണ് നാട്ടുകാരും സംഘടനകളും ഇപ്പോൾ രംഗത്ത് വന്നിരിക്കുന്നത്. പ്രവേശന ഫീസ് പൂർണ്ണമായും പിൻവലിക്കണം എന്നാണ് ഇവരുടെ ആവശ്യം.
അന്യായമായി ഏർപ്പെടുത്തിയ പ്രവേശന ഫീസ് പിൻവലിക്കണം എന്നാവശ്യപ്പെട്ട് സി.പി.ഐ.എം നേതൃത്വത്തിൽ ജനുവരി 7 ന് കാപ്പാട് ടൂറിസ്റ്റ് കേന്ദ്രത്തിലേക്ക് മാർച്ച് പ്രഖ്യാപിച്ചിരിക്കുകയാണ്. വൈകീട്ട് 4 മണിക്ക് ആരംഭിക്കുന്ന മാർച്ച് സി.പി.ഐ.എം കൊയിലാണ്ടി ഏരിയ സെക്രട്ടറി കെ.കെ.മുഹമ്മദാണ് ഉദ്ഘാടനം ചെയ്യുന്നത്. കേരളത്തിൽ ഒരു ടൂറിസ്റ്റ് ബീച്ചിലും പ്രവേശനത്തിന് ഫീസ് ഈടാക്കുന്നില്ല. ടൂറിസ്റ്റ് കേന്ദ്രത്തിലെ മറ്റ് വിനോദ ഉപാദികൾക്ക് ഫീസ് ഈടാക്കുന്നതിന് എതിരെല്ലന്നും എന്നാൽ ബീച്ചിൽ പ്രവേശിക്കാൻ ഒരാൾക്ക് 50 രൂപ നിരക്കിൽ ഫീസ് ഈടാക്കാനുള്ള ഡി.ടി.പി.സി തീരുമാനം അംഗീകരിക്കില്ലെന്നും സി.പി.ഐ.എം കാപ്പാട് ലോക്കൽ സെക്രട്ടറി എം നൗഫൽ പറഞ്ഞു. കഴിഞ്ഞ ദിവസം ഇതേ ആവശ്യം ഉന്നയിച്ച് കാപ്പാട് തീര സംരക്ഷണ സമിതിയും ടൂറിസ്റ്റ് കേന്ദ്രത്തിലേക്ക് മാർച്ച് സംഘടിപ്പിച്ചിരുന്നു.
കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന് കീഴിൽ പ്രവർത്തിക്കുന്ന സൊസൈറ്റി ഓഫ് ഇൻറഗ്രേറ്റഡ് കോസ്റ്റൽ മേനേജ്മെന്റാണ് ബ്ലൂ ഫ്ലാഗ് സർട്ടിഫിക്കേഷനായി കാപ്പാട് ബീച്ചിനെ പരിഗണിച്ചത്. ഇതിന്റെ ഭാഗമായി എട്ട് കോടി രൂപയാണ് കേന്ദ്രം അനുവദിച്ചത്. വിവിധ നിർമ്മാണ പ്രവൃത്തികൾക്കും മൂന്ന് വർഷത്തെ പരിപാലനത്തിനു മായാണ് ഫണ്ട് അനുവദിച്ചത്. ഡൽഹി ആസ്ഥാനമായിട്ടുള്ള എ ടു ഇസെഡ് ഇൻഫ്രാസ്ട്രെക്ചർ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിക്കായിരുന്നു നിർമ്മാണ പരിപാലന ചുമതല. തീരം എപ്പോഴും വൃത്തിയുള്ളതാക്കി മാറ്റാൻ 30 വനിതകളാണ് ശുചീകരണ പ്രവൃത്തിയിൽ ഏർപ്പെട്ടിരിക്കുന്നത്.
മികച്ച ടോയ്ലറ്റുകൾ, നടപ്പാതകൾ, ജോഗിംഗ് പാത്ത്, സോളാർ വിളക്കുകൾ, ഇരിപ്പിടങ്ങൾ തുടങ്ങി നിരവധി സൗകര്യങ്ങൾ ടൂറിസ്റ്റുകൾക്കായി കാപ്പാട് തീരത്ത് ഒരുക്കിയിട്ടുണ്ട്. കൂടാതെ സംസ്ഥാന ടൂറിസം വകുപ്പിന്റെ ഗ്രീൻകാർപ്പെറ്റ് പദ്ധതി പ്രകാരം 99.75 കോടിയുടെ നിർമ്മാണ പ്രവൃത്തികളും ഇവിടെ പൂർത്തിയായിട്ടുണ്ട്.
കോഴിക്കോട് ജില്ല ടൂറിസം പ്രൊമോഷൻ കൗൺസിലിനാണ് കാപ്പാട് വിനോദ സഞ്ചാര കേന്ദ്രത്തിന്റെ നടത്തിപ്പ് ചുമതല. പ്രവേശന ഫീസ് ഒഴിവാക്കി മറ്റ് മാർഗ്ഗങ്ങളിലൂടെ നടത്തിപ്പിനുള്ള വരുമാനം കണ്ടെത്തണം എന്നാണ് നാട്ടുകാരുടെ നിർദേശം.