ജനകീയ പ്രശ്നത്തിന് ശ്വാശ്വത പരിഹാരം തേടിയുള്ള മറ്റൊരു പരിശ്രമത്തിന് കൂടി വേഗം കൈവരുന്നു


പയ്യോളി: കോട്ടക്കല്‍ – കൊളാവിപ്പാലം ഭാഗങ്ങളിലെ ജനങ്ങളുടെ ജീവിതത്തെ തന്നെ ബാധിക്കുന്ന പ്രശ്‌നങ്ങളായ കടല്‍ക്ഷോഭം, കോട്ടപ്പുഴയുടെ സ്തംഭനാവസ്ഥ എന്നിവക്കുള്ള ശാശ്വത പരിഹാരം പുലിമുട്ട് യാഥാര്‍ഥ്യമാവുന്നു. കെ ദാസന്‍ എം എല്‍ എ യുടെ നിരന്തരമായ ഇടപെടലിലൂടെയാണ് പുലിമുട്ടിന്റെ സാധ്യതാപഠനത്തിനായി പൂനൈയില്‍ നിന്നുള്ള സംഘമെത്തിയത്.

കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ സെന്‍ട്രല്‍ വാട്ടര്‍ ആന്‍ഡ് റിസര്‍ച്ച് സ്റ്റേഷനിലെ ശാസ്ത്രജ്ഞന്‍ ഡോ. ജെ സിന്‍ഹ, അസി. റിസര്‍ച്ച് ഓഫീസര്‍ അനില്‍ ഭഗ്‌വാന്‍ എന്നിവരാണ് പുലിമുട്ടിന്റെ സാധ്യയത വിലയിരുത്താന്‍ എത്തിയത്. ജലസേചന വകുപ്പ് എക്‌സിക്യൂട്ടീവ് എന്‍ജിനിയര്‍മാരായ ഷാലു സുധാകരന്‍, ബിജു, റിട്ട. എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ പ്രേമാനന്ദന്‍, അസിസ്റ്റന്റ് എന്‍ജിനീയര്‍മാരായ ഡിഡീഷ്, സുനിഷ എന്നിവരും സാധ്യതാപഠന സംഘത്തിന്റെ ഭാഗമായി.

ഇവരുടെ പഠന റിപ്പോര്‍ട്ട് ലഭ്യമാകുന്നതോടെ മറ്റു നടപടികളിലേക്ക് വേഗത്തില്‍ കടക്കാനാകുമെന്നാണ് കരുതുന്നതെന്ന് കെ ദാസന്‍ എം എല്‍ എ പറഞ്ഞു. പഠന റിപ്പോര്‍ട്ട് എത്രയും വേഗം ലഭ്യമാക്കാനുള്ള നടപടികള്‍ കൈക്കൊളളാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പഠന റിപ്പോര്‍ട്ട് വേഗത്തില്‍ തന്നെ വരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും റിപ്പോര്‍ട്ട് കിട്ടിയ ഉടന്‍ തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നും എം എല്‍ എ വ്യക്തമാക്കി. നമ്മുടെ ഓരോ ആവശ്യങ്ങളും ഈ ജനകീയ സര്‍ക്കാരിന്റെ പിന്തുണയോടെ മുന്നോട്ട് തന്നെ നീങ്ങുകയാണെന്ന് കെ ദാസന്‍ എം എല്‍ എ പറഞ്ഞു.

പയ്യോളി നഗരസഭാ കൗണ്‍സിലര്‍മാരായ ചെറിയയാവി സുരേഷ് ബാബു, നിഷ ഗിരീഷ്, ജനകീയ തീര സംരക്ഷണ സമിതി ഭാരവാഹി വി കേളപ്പന്‍, സിപഐ എം ലോക്കല്‍ സെക്രട്ടറി എന്‍ ടി അബ്ദുറഹിമാന്‍ എന്നിവരും സംഘത്തോടൊപ്പമുണ്ടായിരുന്നു.