കടലെടുത്ത തീരത്ത് കാനത്തിൽ ജമീലയെത്തി പിന്നാലെ 60 ലോഡ് കല്ലും; പരിഹാരം അതിവേഗം, കൈയടിച്ച് തീരദേശവാസികൾ


കൊയിലാണ്ടി: കടലാക്രമണ ഭീഷണി രൂക്ഷമായ ഏഴുകുടിക്കൽ ഭാഗത്തെ തീരദേശവാസികൾക്ക് ആശ്വാസമായി കൊയിലാണ്ടി നിയുക്ത എം.എൽ.എ കാനത്തിൽ ജമീലയുടെ അടിയന്തിര ഇടപെടൽ. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി ഇവിടെയുണ്ടായ കടൽ ക്ഷോഭത്തിൽ കൊയിലാണ്ടി ഹാർബർ- കാപ്പാട് തീരദേശ റോഡ് തകരുകയും ഏഴുകുടിക്കൽ തോടിന് കുറുകെയുളള പാലത്തിന്റെ കൈവരികളും തകർന്നിരുന്നു.

നിരവധിപേർ യാത്ര ചെയ്യുന്ന റോഡും പാലവും സംരക്ഷിക്കാൻ വേണ്ട ഇടപെടലുകൾ നടത്തുമെന്ന് സന്ദർശന സമയത്ത് ഇന്നലെ നിയുക്ത എം.എൽ.എ പ്രദേശവാസികളെ അറിയിച്ചിരുന്നു. തുടർന്ന് ജില്ലാ കളക്ടറെ ബന്ധപ്പെടുകയും അടിയന്തിര പ്രശ്നപരിഹാരത്തിനായ് മേജർ ഇറിഗേഷൻ എക്സിക്യുട്ടിവ് എഞ്ചിനിയർ, അസിസ്റ്റന്റ് എഞ്ചിനിയർ എന്നിവരുമായി ബന്ധപ്പെട്ട് വീണ്ടും സ്ഥലം സന്ദർശിച്ച് സത്വര നടപടികൾക്ക് നിർദ്ദേശം നൽകുകയായിരുന്നു.

ഇന്ന് രാവിലെ ഊരാളുങ്കൽ സൊസെറ്റി വഴി തകർച്ച നേരിട്ട ഭാഗത്ത് കരിങ്കൽ ഇറക്കി കൊണ്ട് കടൽ ക്ഷോഭം തടയാനുള്ള താൽക്കാലിക നടപടികൾ സ്വീകരിച്ചു. തീരദേശത്ത് താമസിക്കുന്നവർ വരുന്ന മൂന്ന് ദിവസം കൂടെ ജാഗ്രതയോടെ നിൽക്കണമെന്നും പ്രതിസന്ധികളെ തരണം ചെയ്യാൻ സർക്കാർ സംവിധാനം കൂടെയുണ്ടാവുമെന്നും കാനത്തിൽ ജമീല അറിയിച്ചു.