കടന്നപ്പള്ളി രാമചന്ദ്രന്‍ തീരുമാനിച്ചാല്‍ ഏത് വിട്ടുവീഴ്ചയും ചെയ്ത് അദ്ദേഹത്തെ എന്‍.സി.പിക്കൊപ്പം കൂട്ടും; കോണ്‍ഗ്രസ് എസ് വിട്ട നേതാക്കള്‍ക്കുള്ള സ്വീകരണ സമ്മേളനത്തില്‍ എ.കെ.ശശീന്ദ്രന്‍
കൊയിലാണ്ടി: മുന്‍ ജില്ലാ പ്രസിഡന്റ് സി.സത്യചന്ദ്രന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് എസ് വിട്ടുവന്ന നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും സ്വീകരണമൊരുക്കി എന്‍.സി.പി. പരിപാടി മന്ത്രി എ.കെ.ശശീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു.
കോണ്‍ഗ്രസ്സ് – എസ് ആയി നിലകൊള്ളുന്നതിനു പിന്നിലുള്ള രാഷ്ട്രീയം പറയാനാവാതെ തപ്പിത്തടഞ്ഞ് നീണ്ട എത്ര വര്‍ഷങ്ങളാണ് രാമചന്ദ്രന്‍ കടന്നപ്പള്ളിയും കൂട്ടരും പാഴാക്കിക്കളഞ്ഞതെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ എ.കെ.ശശീന്ദ്രന്‍ ചോദ്യമുയര്‍ത്തി. ഏത് രാഷ്ട്രീയത്തോടാണ് കലഹിക്കുന്നതെന്ന് അദ്ദേഹത്തിന് പറയാനാവാത്തത് കൊണ്ട് കോണ്‍ഗ്രസ്സ്-എസ്. വെറും ആള്‍ക്കൂട്ടമായി മാറിയിരിക്കയാണ്. കണ്ണൂരില്‍ ചെല്ലുമ്പോള്‍ നമുക്ക് ഒരു മിച്ചു കൂടെ എന്ന് പഴയ സഹപ്രവര്‍ത്തകര്‍ ചോദിക്കാറുണ്ട്. എന്നാല്‍ കടന്നപ്പള്ളി തീരുമാനിച്ചാല്‍ ഏതു തരം വിട്ടുവീഴ്ചയും ചെയ്തു അദ്ദേഹത്തെക്കൂടെ കൂട്ടുന്നതില്‍ ഒരു പ്രയാസവുമില്ലെന്നാണ് തന്നോട് സംസാരിച്ചവരോടെല്ലാം മറുപടി നല്‍കിയതെന്നും മന്ത്രി പറഞ്ഞു.
അന്യരായല്ല സഹപ്രവര്‍ത്തകരായാണ് അവരെ കാണുന്നത്. കടന്നപ്പള്ളിയുള്‍പ്പെടെയുള്ളവര്‍ ശരത് പവാറിനെ പിന്തുണക്കുന്ന രാഷ്ട്രീയ തീരുമാനം എടുക്കണമെന്നും മന്ത്രി പറഞ്ഞു. എന്‍.സി.പി ജില്ല പ്രസിഡന്റ് മുക്കം മുഹമ്മദ് അധ്യക്ഷത വഹിച്ചു. എന്‍.സി.പി. സംസ്ഥാന വൈസ് പ്രസിഡണ്ട് അഡ്വ പി.എം സുരേഷ് ബാബു, സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ പ്രഫ. ജോബ് കാട്ടൂര്‍, എം.ആലിക്കോയ, സി.പി.കെ.ഗുരുക്കള്‍, ആലീസ് മാത്യു, സി.സത്യചന്ദ്രന്‍, കെ.ടി.എം കോയ, പി.കെ.എം.ബാലകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു
കോണ്‍ഗ്രസ് എസ് മുന്‍ ജില്ലാ പ്രസിഡന്റ് സി. സത്യചന്ദ്രന്‍, പി.കെ ബാലകൃഷ്ണ കിടാവ്, ടി.മോഹന്‍ദാസ്, വള്ളില്‍ ശ്രീജിത്ത്, എം.കുഞ്ഞിരാമനുണ്ണി, പി.കെ.ശശിധരന്‍, പി.വി.സജിത്ത്, എച്ച്.എ.സൈഫുദ്ധീന്‍ എന്നിവര്‍ ഉള്‍പ്പെടെയുള്ള നൂറോളം നേതാക്കളും പ്രവര്‍ത്തകരുമാണ് കോണ്‍ഗ്രസ്സ് – എസ് ബന്ധം ഉപേക്ഷിച്ച് എന്‍.സി പി യില്‍ ചേര്‍ന്നത്.