കടകള്‍ തുറക്കാന്‍ അനുവദിക്കണം; പ്രതിഷേധവുമായി വ്യാപാരികള്‍, ചൊവ്വാഴ്ച പേരാമ്പ്രയിലും കടകള്‍ അടച്ചിട്ട് പ്രതിഷേധിക്കും
പേരാമ്പ്ര: കോവിഡ് വ്യാപനത്തിന്റെ പേരില്‍ കടകള്‍ അടച്ചിടുന്നതിന് എതിരെ പ്രതിഷേധവുമായി വ്യാപാരികള്‍. കടകള്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ അനുവദിക്കാത്തതില്‍ പ്രതിഷേധിച്ച് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പേരാമ്പ്ര യൂണിറ്റ് ചൊവ്വാഴ്ച യൂണിറ്റിലെ മുഴുവന്‍ കടകളും അടച്ച് പ്രതിഷേധിക്കും.
കൊറോണ സുരക്ഷാ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ പാലിച്ച് എല്ലാ കടകളും തുറന്നു പ്രവര്‍ത്തിക്കാന്‍ അനുവദിക്കണമെന്നാണ് സമിതിയുടെ ആവശ്യം. ടിപിആര്‍ അടിസ്ഥാനത്തില്‍ കാറ്റഗറി തീരുമാനിച്ച് അശാസ്ത്രീയമായി വ്യാപാരസ്ഥാപനങ്ങള്‍ അടച്ചിടുന്ന നടപടി അവസാനിപ്പിക്കുക, ഹോട്ടലുകളിലും റെസ്റ്റോറന്റുകളിലും കോവിഡ് മാനദണ്ഡപ്രകാരം ഇരുന്ന് ഭക്ഷണം കഴിക്കാന്‍ അനുവാദം നല്‍കുക, ഓണ്‍ലൈന്‍ വ്യാപാരം നിരോധിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പ്രതിഷേധിക്കുന്നതെന്ന് പേരാമ്പ്ര മര്‍ച്ചന്റ്സ് അസോസിയേഷന്‍ പ്രസിഡന്റ് സുരേഷ് ബാബു കൈലാസ്, സെക്രട്ടറി ഒ.പി. മുഹമ്മദ്, ട്രഷറര്‍ സലീം മണവയല്‍ എന്നിവര്‍ അറിയിച്ചു.