കക്കയം ഹൈഡല്‍ ടൂറിസത്തില്‍ നിന്നും പിരിച്ചുവിട്ട ആദിവാസി സ്ത്രീകളെ ജോലിയില്‍ തിരിച്ചെടുക്കുക; പ്രക്ഷോഭം ശക്തമാകുന്നു


കോഴിക്കോട്: കക്കയം ഹൈഡല്‍ ടൂറിസത്തില്‍ നിന്നും പിരിച്ചുവിട്ട ആദിവാസി സ്ത്രീകളെ ജോലിയില്‍ തിരിച്ചെടുക്കണമെന്ന ആവശ്യം ശക്തമാകുന്നു. ഈ ആവശ്യമുയര്‍ത്തി ദളിത് ആദിവാസി സംരക്ഷണ സമിതിയും ബി.ജെ.ജെ.എസിന്റെയും നേതൃത്വത്തില്‍ കക്കയം ഹൈഡല്‍ ടൂറിസം ഓഫീസിലേക്ക് മാര്‍ച്ച് നടത്തി.

കെ.എസ്.ഇ.ബിയുടെ നേതൃത്വത്തില്‍ നടക്കുന്ന ഹൈഡല്‍ ടൂറിസ പദ്ധതിയുടെ തുടക്കത്തില്‍ രണ്ട് ആദിവാസി സ്ത്രീകള്‍ക്ക് ജോലി നല്‍കിയിരുന്നു. ജോലിക്ക് സ്ഥിരമായി വരുന്നില്ലായെന്ന കാരണത്താല്‍ പല സമയങ്ങളിലായി രണ്ട് സ്ത്രീകളേയും പിരിച്ചു വിട്ടു. അതിന് ശേഷം വീണ്ടും കോളനിയിലെ രണ്ട് സ്ത്രീകളെ ഹൈഡലില്‍ ജോലിക്ക് കയറ്റിയിരുന്നു. അതില്‍ ഒരാളായ ശാരദയെ കാരണംകാണിക്കല്‍ നോട്ടീസ് പോലും നല്‍കാതെ ജോലിയില്‍ നിന്ന് പിരിച്ചുവിടുകയായിരുന്നു.

2018 മുതല്‍ സ്ഥിരമായി ജോലിക്ക് പോയിരുന്ന ശാരദ ഭര്‍ത്താവ് അസുഖ ബാധിതനാവുകയും മരണപ്പെടുകയും ചെയ്ത അവസരത്തില്‍ തുടര്‍ച്ചയായി ലീവെടുത്തിരുന്നു. മരണാന്തര ചടങ്ങുകള്‍ക്ക് ശേഷം തിരിച്ചെത്തിയ ശാരദക്ക് പിന്നീടൊരിക്കലും സ്ഥിരമായി തൊഴില്‍ ലഭിച്ചിരുന്നില്ല. ആഴ്ച്ചയില്‍ ഒന്നോ രണ്ടോ തവണ മാത്രം ജോലിയില്‍ പ്രവേശിപ്പിച്ച ശാരദേച്ചിയെ ഇപ്പോള്‍ പൂര്‍ണ്ണമായും ജോലിയില്‍ നിന്നും പിരിച്ചു വിടുകയും പകരം മറ്റൊരു സ്ത്രീയെ ജോലിയില്‍ പ്രവേശിപ്പിക്കുകയും ചെയ്യുകയായിരുന്നു. പി.എഫ് അടക്കം അടച്ചു പോന്നിരുന്ന ശാരദയെ കാരണം കാണിക്കല്‍ നോട്ടീസ് പോലും നല്‍കാതെയാണ് ജോലിയില്‍ നിന്നും പിരിച്ചുവിട്ടത്.

ഓരോ സമയങ്ങളിലായി പുറത്താക്കി നിലവില്‍ ആദിവാസി വിഭാഗത്തില്‍പ്പെടുന്ന ഒരാള്‍ക്ക് പോലും ഹൈഡല്‍ ടൂറിസത്തില്‍ തൊഴിലില്ല. ഈ സാഹചര്യത്തിലാണ് പിരിച്ചുവിട്ട ആദിവാസി സ്ത്രീകളെ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് പ്രക്ഷോഭം ആരംഭിച്ചത്. ഊരുമൂപ്പന്‍ ബിജു, അഡ്വ: സുമിന്‍ എസ് നെടുങ്ങാടന്‍, ശശി നെടിയാരന്തിങ്കല്‍, കെ.ജി.പ്രകാശ്, സി.എം. നാരയണന്‍, നാരയണന്‍ നെല്ലിക്ക മീത്തല്‍, എ.വി.രവി, മധു നടുത്തൊട്ടി, ജോണ്‍സണ്‍ കക്കയം, സന്ദീപ് കളപ്പുരക്കല്‍, ഗോപാലന്‍ മണ്ടോപാറ, സരീഷ് വി.എച്ച്, നിസാം കക്കയം, ജിം മാത്യു, ജുവിന്‍ ദേവസ്യ, തോമസ് വെളിയംകുളം, റിജാസ് റഹ്‌മാന്‍, ഹാരിസ് കൂരാച്ചുണ്ട് എന്നിവര്‍ മാര്‍ച്ചിന് നേതൃത്വം നല്‍കി. മാര്‍ച്ചില്‍ ജോലിയില്‍ നിന്നും പുറത്താക്കപ്പെട്ട ആദിവാസി സ്ത്രീകളും അവരുടെ കുടുംബാഗങ്ങളും പങ്കെടുത്തു.

ജോലിയില്‍ നിന്നും പിരിച്ചു വിട്ട ആദിവാസി സ്ത്രീകളെ തിരിച്ചെടുത്തില്ലായെങ്കില്‍ ഹൈഡല്‍ ടൂറിസ ഉപരോധ സമരങ്ങളക്കം ശക്തമായ സമര പരിപാടികളുമായി മുന്നോട്ട് പോവുമെന്ന് ദളിത് ആദിവാസി സംരക്ഷണ സമിതിയും ബി.പി.ജെ.എസും അറിയിച്ചു.