ഓൺലൈൻ പഠന സൗകര്യമില്ലാത്ത വിദ്യാർഥികളുടെ ആശങ്കയകറ്റണമെന്ന് കെ.പി.എസ്.ടി.എ ചങ്ങരോത്ത് ബ്രാഞ്ച് സമ്മേളനം


പേരാമ്പ്ര: കോടിക്കണക്കിന് രൂപ മുടക്കി കെ-റെയിൽ നടപ്പിലാക്കാൻ വ്യഗ്രത കാണിക്കുന്ന സർക്കാർ ഡിജിറ്റൽ പഠനോപകരണങ്ങൾ ഇല്ലാത്തതിനാൽ ഓൺലൈൻ ക്ലാസിൽ പങ്കെടുക്കാൻ കഴിയാത്ത വിദ്യാർഥികളെ കണ്ടില്ലെന്ന് നടിക്കുകയാണ് കെ.പി.എസ്.ടി.എ. വീണ്ടും ഓൺലൈൻ ക്ലാസുകളിലേക്ക് പഠനം മാറുമ്പോൾ ഭൂരിഭാഗം വിദ്യാർത്ഥികളും ഓൺലൈൻ ക്ലാസിന് പുറത്താണെന്നും മുഴുവൻ വിദ്യാർഥികൾക്കും സൗജന്യ ഇന്റർനെറ്റും ഡിജിറ്റൽ പഠനോപകരണങ്ങളും ഒരുക്കാൻ സർക്കാർ തയ്യാറാവണമെന്നും കെ.പി.എസ്.ടി.എ ചങ്ങരോത്ത് ബ്രാഞ്ച് സമ്മേളനം ആവശ്യപ്പെട്ടു.

ചങ്ങരോത്ത് എം.യു.പി സ്കൂളിൽ നടന്ന സമ്മേളനം യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി വി.പി.ദുൽകിഫിൽ ഉദ്ഘാടനം ചെയ്തു. പി.കെ.വിനോദൻ അധ്യക്ഷത വഹിച്ചു. സർവീസിൽ നിന്ന് വിരമിക്കുന്ന പി.കെ.പാർത്ഥൻ, എം.സുലൈമാൻ, കെ.ലതിക എന്നിവർക്ക് യാത്രയയപ്പ് നൽകി.

കുന്നുമ്മൽ ഉപജില്ലാ സെക്രട്ടറി പി.സാജിദ്, വൈസ് പ്രസിഡന്റ് എസ്.സുനന്ദ്, കെ.എസ്‌.യു ജില്ലാ വൈസ് പ്രസിഡന്റ് വി.ടി.സൂരജ്, റിന്റോ സേവ്യർ, വി.പി.നിഷ എന്നിവർ സംസാരിച്ചു.

ഭാരവാഹികൾ: അചനിത് ശ്രീ രാകേഷ് (പ്രസിഡന്റ്), റിന്റോ സേവ്യർ (സെക്രട്ടറി), കെ.സനില കുമാരി (ട്രഷറർ).