ഓൺലൈൻ തട്ടിപ്പിന് ഇരയായാൽ പത്ത് ദിവസത്തിനുള്ളിൽ പണം തിരിച്ചുപിടിക്കാം: എങ്ങനെയെന്ന് അറിയാം
കോവിഡ് വ്യാപനത്തെതുടർന്നുള്ള അടച്ചിടലിനിടെ ഓൺലൈൻ തട്ടിപ്പുവഴി നിരവധിപേർക്കാണ് പണംനഷ്ടമായത്. കഴിഞ്ഞവർഷംമാത്രം 2.7 കോടിയലധികം പേരാണ് ഇത്തരത്തിൽ തട്ടിപ്പിന് ഇരയായത്.
എസ്എംസ്, എടിഎം, കെവൈസി എന്നൊക്കെ പറഞ്ഞ് നിരവധിപേരിൽനിന്നാണ് തട്ടിപ്പുകാർ ലക്ഷങ്ങൾ അടിച്ചുമാറ്റിയത്. ഒറിജിനലിനെ വെല്ലുന്ന വ്യാജ വെബ്‌സൈറ്റുകൾ സൃഷ്ടിച്ചും വൻതോതിൽ പണം തട്ടിയെടുത്തു.
ഇത്തരംതട്ടിപ്പുകളിൽ ഇരയായവർക്ക് പണംതിരിച്ചുകിട്ടാൻ അർഹതയുണ്ടെന്നകാര്യം അധികംപേർക്കും അറിയില്ല. അനിധികൃത ഇടപാടുകൾമൂലം നഷ്ടമുണ്ടായിട്ടുണ്ടെങ്കിൽ ഉടനെ ബാങ്കിനെ സമീപിക്കാനാണ് ആർബിഐ നൽകുന്ന നിർദേശം.
പണം എങ്ങനെ തിരികെലഭിക്കും?
മിക്കവാറും ബാങ്കുകൾ ഉപഭോക്താക്കൾക്ക് സാമ്പത്തിക തട്ടിപ്പിൽ പണംനഷ്ടമാകുന്നതിൽനിന്ന് സംരക്ഷണം നൽകാൻ ഇൻഷുറൻസ് പരിരക്ഷ നൽകുന്നുണ്ട്. പണം നഷ്ടമായാൽ ഉടനെ ബാങ്കിനെ സമീപിക്കുകയാണ് ചെയ്യേണ്ടത്. ബാങ്കുകൾ ഇൻഷുറൻസ് സ്ഥാപനവുമായി ബന്ധപ്പെട്ട് പണംതിരികെ നൽകാൻ നടപടി സ്വീകരിക്കും.
പത്തുദിവസത്തിനകം ബാങ്ക് നഷ്ടപ്പെട്ട പണം ഉപഭോക്താവിന് കൈമാറും. അനധികൃത ഇടപാടുകൾ നടന്നാൽ മൂന്നുദിവസത്തിനകം ബാങ്കിനെ വിരവരമറിയിക്കേണ്ടതുണ്ട്. ഇക്കാര്യത്തിൽ വീഴ്ചയുണ്ടായാൽ 25,000 രൂപവരെ നഷ്ടം ഉപഭോക്താവിന് ഉണ്ടായേക്കാം.